വെള്ളക്കെട്ടാൽ പൊറുതിമുട്ടി രോഗികൾ
1581242
Monday, August 4, 2025 6:26 AM IST
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഹൈ ടെക് കെട്ടിടങ്ങൾ ഉയർന്ന് പൊങ്ങുമ്പോഴും ആശുപത്രിയുടെ പ്രവേശന കവാടത്തിലുള്ള റോഡിലെ വെള്ളക്കെട്ട് രോഗികളേയും ജീവനക്കാരേയും ദുരിതത്തിലാക്കുന്നു.
ആശുപത്രിയിലേക്ക് രോഗികൾ നടന്നു വരുമ്പോഴാകും ചീറിപ്പാഞ്ഞു ആംബുലൻസ് കടന്ന് പോവുക. നടന്ന് പോകുന്നവരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളും വഴക്കും വാക്കേറ്റവും ആശുപത്രിയിൽ അതിനാൽ പതിവ് സംഭവമാണ്.
അടുത്തടുത്തായി രണ്ട് കവാടങ്ങളാണ് ആശുപത്രിയ്ക്ക് ഉള്ളത്. അവിടേക്ക് എത്തുന്ന വാഹനങ്ങൾ തിരികെ പോകുന്നതിനായി കുറച്ചു നാൾ മുൻപ് ആശുപത്രി പരിസരത്തെ മതിൽ നീക്കം ചെയ്ത് റോഡ് നിർമിച്ചിരുന്നു.
എന്നാൽ ഇത് വഴിവാഹനങ്ങൾ തിരിച്ചു വിടാൻ സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിക്കാറില്ല. ചികിത്സയ്ക്കായി എത്തുന്നവരും ചികിത്സ നടത്തി മടങ്ങുന്നവരും അതിനാൽ ചെളിവെള്ളത്തിൽ കുളിക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കൊട്ടാരക്കര നഗരസഭയുടെ സഹായത്താൽ ചെളിക്കുണ്ട് നിറഞ്ഞ ഭാഗത്തെ റോഡ് പുനർ നിർമിച്ച് ഇന്നത്തെ ദുരവസ്ഥ പരിഹരിക്കുമെന്നാണ് ഒടുവിൽ നൽകിയിട്ടുള്ള വാഗ്ദാനം.