അപകടം പതിയിരിക്കുന്ന മില്‍പ്പാലം
1580892
Sunday, August 3, 2025 6:20 AM IST
പി. സനില്‍കുമാര്‍
അഞ്ചല്‍ : ശാന്തമായി ഒഴുകുന്ന കല്ലടയാറിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും ഏതാനും കിലോമീറ്ററുകള്‍ ദൂരത്താണ് ചോഴിയക്കോട് മില്‍പ്പാലം കടവ്. പൊന്മുടി തഴുകി നാങ്കച്ചിയും പാണ്ടിമൊട്ടയും കടന്ന് എത്തുന്ന ആറോളം ചെറു നദികള്‍ സംഗമിക്കുന്ന ഇടം. വന സൗന്ദര്യവും പ്രകൃതി സൗന്ദര്യവും ഒരുമിച്ച് കൂടിയപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന അപൂര്‍വത.
ഒരുകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ആറ്റുമണല്‍ ശേഖരിച്ചു വില്‍പ്പന നടത്തിവന്നിരുന്ന പ്രധാന കടവ്. വര്‍ഷങ്ങളായി മണല്‍ ശേഖരണം നിലച്ചതോടെ കല്ലടയാറിന്റെ സ്വഭാവിക നീരൊഴുക്ക് പോലും ഇല്ലാതാക്കി സ്വര്ണനിറത്തില് കുമിഞ്ഞു കൂടിയിരിക്കുന്ന വന്‍ മണല്‍ ശേഖരം. ഈ വശ്യതയാണ് വീണ്ടും വീണ്ടും വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ഇവിടെ ഇരു ജില്ലകളില്‍ നിന്നും കൂടാതെ പുറത്തുനിന്നുമായി നിരവധിയാളുകള്‍ എത്തുകയും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുകയും ചെയ്യാറുണ്ട്. ശാന്തമായി ഒഴുകുന്ന കല്ലടയറ്റില്‍ ഒന്നു കുളിക്കണമെന്നു ആര്‍ക്കും തോന്നും. എന്നാല്‍ ശാന്തമായി ഒഴുകുന്ന ഇവിടെ പതിയിരിക്കുന്ന അപകട ചുഴികളെ പറ്റി ആരും ശ്രദ്ധിക്കാറില്ല. ശക്തമായ ജലനിരപ്പ് ഉള്ളപ്പോഴും വരള്‍ച്ച സമയത്തും ഇവിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. അപകടത്തില്‍ പ്പെടുന്നവരില് ഏറെയും പുറത്തുനിന്നും എത്തുന്നവരാണ് .
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്തോളം ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഏറെയും യുവാക്കളും വിദ്യാര്‍ഥികളും ആണെന്നത് ഗൗരവതരം. രാജമ്മക്കയം, വില്‍സന്റ് കയം എന്നിങ്ങനെ രണ്ട് കയങ്ങള്‍ ഇവിടെ എത്തുന്ന അപരിചിതരെ മരണത്തിലേക്ക് പിടിച്ചെടുക്കുകയാണ്. സൂചന മുന്നറിയിപ്പ് ബോര്‍ഡും ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവയൊന്നും പക്ഷേ ഇവിടെയെത്തുന്നവര്‍ ശ്രദ്ധിക്കാറില്ല.
കാര്യമായ ശ്രദ്ധ അധികാരികളും ഇവിടെ നല്‍കുന്നില്ല എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന മരണങ്ങള്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി ഫൈസൽ എന്ന 31 കാരന് മില്‍പ്പാലം കടവില്‍ മുങ്ങി മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. സുരക്ഷ ക്രമീകരകണങ്ങളുടെ അഭാവമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് വാര്‍ഡ് അംഗവും സ്ഥലവാസിയുമായ ഷീല സത്യന് ആരോപിക്കുന്നു.
പ്രദേശത്ത് മുമ്പ് രൂപീകരിച്ച വനം സംരക്ഷണ സമിതികള്‍ ഉണ്ട്. ഇവര്‍ക്ക് ഇവിടെ സുരക്ഷാ ചുമതല നല്‍കുകയോ വനം വകുപ്പ് നേരിട്ട് സുരക്ഷാ ഒരുക്കുകയോ ചെയ്യണം എന്നും ഷീല സത്യന് പറയുന്നു.
പ്രദേശത്ത് കുളിക്കടവ് നിര്‍മിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ടൂറിസം പാക്കേജ് പ്രദേശത്ത് നടപ്പിലാക്കണമെന്നും ബന്ധപ്പെട്ടവരുടെ നിസഹകരണം ടൂറിസം പദ്ധതി എന്ന ആവശ്യത്തെ പിന്നോട്ടടിക്കുകയായിരുന്നുവെന്നും മുന്‍ പഞ്ചായത്ത് അംഗം കെ.ജെ അലോഷ്യസ് പറയുന്നു.
അതേസമയം അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും മനുഷ്യ ജീവനുകള്‍ പൊലിയുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഇല്ലാത്തതില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ രീതിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.