തിരുമുക്ക് അടിപ്പാത: ജനകീയ റിലേ ധർണ ഇന്ന് തുടങ്ങും
1581233
Monday, August 4, 2025 6:17 AM IST
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ റിലേ ധർണ ഇന്ന് ആരംഭിക്കും.
തിരുമുക്കിൽ നടക്കുന്ന റിലേ ധർണയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് ധർണയിൽ പങ്കെടുക്കുന്നത്. രാവിലെ 10ന് ധർണ ആരംഭിക്കും.ചാത്തന്നൂർ തിരുമുക്കിന്റെപ്രാദേശികമായ പ്രാധാന്യം കണക്കിലെടുത്ത് വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കിപ്പണിയണമെന്ന ജനകീയആവശ്യം പരിഗണിക്കാൻ അധികാരികൾ തയാറാകാത്തതിൽ പ്രതിഷേധിച്ചും ചാത്തന്നൂരിലേക്ക് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ പട്ടണത്തിൽ എത്തി തിരികെ പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തുന്നത്.
നാളെ ചാത്തന്നൂർ വികസന സമിതിയാണ് ധർണ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംഘടനകൾ റിലേ ധർണയുടെ ഭാഗമാകും.