ശ്വാസംമുട്ടുന്ന വില്ലേജ് ഓഫീസ്
1581239
Monday, August 4, 2025 6:26 AM IST
കുണ്ടറ : ഞെക്കി ഞെരുങ്ങി ശ്വാസംമുട്ടി ഒരു വില്ലേജ് ഓഫീസ്. എഴുകോണ്‍ വില്ലേജ് ഓഫീസിനാണ് ഈ ദുര്‍ഗതി. നഗരത്തിന്റെ ഹൃദയഭാഗത്തായി ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുകളിലായ ഒരു കെട്ടിടത്തിലാണ് നാളിതുവരെ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന അവസ്ഥയിലാണ് ഈ കെട്ടിടം.
നാട്ടുകാരുടെയും വില്ലേജ് ഓഫീസ് ജീവനക്കാരുടെയും വികസന സമിതി അംഗങ്ങളുടെയും നിരന്തര സമ്മർദത്തെ തുടർന്ന് ഒരു ദുരന്തം ഒഴിവാക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു വാടക കെട്ടിടത്തിലേക്കു മാറി.
എന്നാല്‍ അവിടുത്തെ ഗതി പഴയതിനേക്കാള്‍ വളരെ മോശം. വളരെ പഴകിയ ഒരു കെട്ടിടം. ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയായതിനാല്‍ പ്രായമായവര്‍ക്കും മറ്റും കയറി ചെല്ലാന്‍ സാധിക്കാത്ത അവസ്ഥ. ജനലുകള്‍ തുറക്കാനോ തുറന്നു കിടക്കുന്ന ജനല്‍ അടയ്ക്കാനോ കഴിയാത്ത സ്ഥിതി. പൊടി ശല്യം വളരെ രൂക്ഷം.
ഭൂരിപക്ഷം വനിതാ പ്രവര്‍ത്തകര്‍ ജോലി നോക്കുന്ന ഈ സ്ഥാപനത്തില്‍ അടച്ചുറപ്പുള്ള ശുചി മുറി പോലുമില്ല. ഉള്ളതാകട്ടെ കാര്‍ഡ് ബോര്‍ഡ് വച്ചു മറച്ച അവസ്ഥയിലാണ്. ഫര്‍ണിച്ചറുകള്‍ക്ക് വില്ലേജ് തുടങ്ങിയ കാലം മുതല്ക്കുള്ള പഴക്കം. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു തകരുന്ന പരുവം.
തട്ടിയും മുട്ടിയും ഓടിക്കുന്ന കംപ്യൂട്ടറുകളും പ്രിന്ററുകളുമാണ് ഇവിടെയുള്ളത്. അടിയന്തര പ്രിന്റുകള്‍ക്കും മറ്റും സ്വകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. സ്ഥിരമായി വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്തതും സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കെന്നും തടസമാണ്. ഈ ഓഫീസില്‍ ജനങ്ങളുമായുള്ള നിരന്തര തര്‍ക്കങ്ങളും ബഹളവും പതിവാണ്.
അങ്ങനെ തുടങ്ങി ശ്വാസം മുട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് എഴുകോണ്‍ വില്ലേജ് ഓഫീസ്. കേരളത്തിലുടനീളം സ്മാര്‍ട്ട് വില്ലേജുകള്‍ വന്നുവെങ്കിലും എഴുകോണില്‍ ഇപ്പോഴും പഴയതിനെക്കാള്‍ മോശമായ അവസ്ഥയാണ് തുടരുന്നത്.
ഇതുവരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വരുമ്പോള്‍ അതിനുള്ളിലെ സ്ഥലപരിമിതി നോക്കി ഓഫീസിനു സൗകര്യം നല്‍കാം എന്ന വാക്കാലുള്ള അധികാരികളുടെ ഉറപ്പല്ലാതെ നിയമപരമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടേക്കു സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ മറ്റു കാരണങ്ങള്‍ പറഞ്ഞ് ജീവനും കൊണ്ടു ഓടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.