ചിരട്ട വലിയ പുള്ളിയാ...
1581475
Tuesday, August 5, 2025 7:22 AM IST
ചാത്തന്നൂർ: ചിരട്ടയ്ക്ക് വലിയ ഡിമാന്ഡും അതിനനുസരിച്ച് മെച്ചപ്പെട്ട വിലയും. വീട്ടമ്മമാർക്ക് ബാധ്യതയായി മാറിയിരുന്ന ചിരട്ടയുടെ ജാതകം തെളിഞ്ഞത് പെട്ടെന്നാണ്. ഇപ്പോൾ വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെ ചിരട്ട ആവശ്യപ്പെട്ടുള്ള അഭ്യർഥനയോടെ ചെറുകിട കച്ചവടക്കാർ വീട്ടുപടിക്കൽ എത്തുന്നു .
ആക്രി കച്ചവടക്കാരിൽ ഒരു വിഭാഗവും ചിരട്ട കച്ചവടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഉച്ചഭാഷിണിയുടെ അകമ്പടിയോടെ വാഹനങ്ങളിലെത്തുന്ന ചെറുകിട കച്ചവടക്കാർ തെക്കൻ കേരളത്തിൽ ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപ വരെ വില നല്കുന്നു.
വടക്കൻ കേരളത്തിൽ 35 ത് വരെ കിട്ടുന്നു. കഴിഞ്ഞ ജനുവരിയിൽ ഒരു കിലോ ചിരട്ടയ്ക്ക് 10 രൂപ വരെയായിരുന്ന വിലയാണ് മാസങ്ങൾക്കുള്ളിൽ മൂന്നിരട്ടിയിലേറെയായി കുതിച്ചു കയറിയത്. എന്നാൽ ആക്രി കച്ചവടക്കാർ ഒരു കിലോയ്ക്ക് 15 രൂപയിലധികം കൊടുക്കുന്നില്ല. നല്ല ചിരട്ടയാണെങ്കിൽ 15 എണ്ണമുണ്ടെങ്കിൽ ഒരു കിലോ തൂക്കം കിട്ടും.
കയർ വ്യവസായത്തിന്റെ സുവർണകാലഘട്ടത്തിൽ വലിയ കുട്ടയുമായി വീടുകൾ കയറിയിറങ്ങി തൊണ്ട് ശേഖരിച്ചിരുന്ന നാമമാത്ര കച്ചവടക്കാരെയാണ് ചിരട്ട തേടിയെത്തുന്നവർ ഓർമിപ്പിക്കുന്നത്. ഇപ്പോൾ തൊണ്ട് കച്ചവടവും ഓല കച്ചവടവും നിലച്ചിരിക്കുകയാണ് . ചിരട്ടയ്ക്ക് ഡിമാന്റ് വർധിച്ചതോടെ ചിരട്ട മോഷ്ടിക്കുന്ന സംഭവങ്ങളും ഉണ്ടായി തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലാണ് ഒരു വീട്ടിൽ നിന്നും രണ്ടു ചാക്ക് ചിരട്ട മോഷണം പോയത്.
ചെറുകിട കച്ചവടക്കാരും ആക്രി കച്ചവടക്കാരുമാണ് വീടുകളിൽ നിന്നും ചിരട്ട ശേഖരിക്കുന്നത്. ഇത് മൊത്തവ്യാപാരികൾ അന്യ സംസ്ഥാനങ്ങളിലേക്കുകയറ്റികൊണ്ടു പോകുകയാണ്.
ടൺകണക്കിനാണ് ചിരട്ടയാണ് ദിനംപ്രതി കേരളം കടക്കുന്നത്.
പ്രധാനമായും കരിയുണ്ടാക്കാനാണ് ചിരട്ട പ്രയോജനപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ കരി ഫാക്ടറികളിലേയ്ക്കാണ് ചിരട്ടകൾ കൊണ്ടുപോകുന്നത്.
കരിയുടെ വിവിധ പ്രയോജനങ്ങൾ കൂടാതെ ജല ശുദ്ധീകരണം നടത്തുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ട്. അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്നതിനും ചിരട്ട പ്രയോജനപ്പെടുത്തുന്നുണ്ട്. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വിലവർധിക്കുന്നത് പോലെ ചിരട്ടയ്ക്കും വിലകയറുകയാണ്.
പ്രദീപ് ചാത്തന്നൂർ