എച്ച്ഐവി ബാധിതരായ അമ്മയ്ക്കും മകനും നടവഴി അനുവദിക്കും: കളക്്ടർ
1581472
Tuesday, August 5, 2025 7:22 AM IST
കൊല്ലം : എച്ച്ഐവി ബാധിതരായ അമ്മയ്ക്കും മകനും സഞ്ചരിക്കാൻ നടവഴി അനുവദിക്കുമെ ന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തന്റെ വീട്ടിൽ നിന്നും മെയിൻ റോഡിലേക്കുള്ള വഴി അയൽവാസി കൈയേറി ഇരുമ്പ് നെറ്റ് കെട്ടി തടസപ്പെടുത്തിയെന്ന് ആരോപിച്ച് കൊട്ടാരക്കര നെടുവത്തുർ സ്വദേശിനി സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ അംഗം വി. ഗീത ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളക്്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പെട്ടെന്ന് അസ്വസ്ഥതയുണ്ടാവുന്ന തങ്ങൾക്ക് ആശുപത്രിയിൽ പോകാൻ വഴി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് എതിർകക്ഷി ഗേറ്റ് സ്ഥാപിച്ചതെന്നും അവർ ഒരു മീറ്റർ വഴി പരാതിക്കാരിക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വഴി സംബന്ധിച്ച് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ടെന്നും കളക്ടർ അറിയിച്ചു. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കമ്മീഷൻ പരാതി തീർപ്പാക്കി.