വിളക്കുപാറ ചന്തയിൽ പഴകിയ മീന്‍ വില്‍ക്കുന്നതായി പരാതി
1581471
Tuesday, August 5, 2025 7:22 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറ ചന്തയിൽ പഴകിയ മീന്‍ വില്‍ക്കുന്നതായി പരാതി .പരാതി വ്യാപകമായതോടെ വാര്‍ഡ് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ചന്തയില്‍ എത്തി മീന്‍ വില്പനക്കാര്ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ദിവസമാണ് വിളക്കുപാറയില്‍ ചന്ത പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ നിന്നും വാങ്ങിയ മീനില്‍ പുഴക്കളെ കാണുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയത്.
തുടര്‍ന്നു വിവരം ഷൈന്‍ ബാബു പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ക്കും വിവരം കൈമാറിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ അന്വേഷണത്തിനോ പരിശോധനക്കോ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിസ്വീകരിച്ചിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇനിയും നടപടി വൈകിയാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രദേശത്തെ ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.