കാടുകയറിയ വഴിയോര വിശ്രമകേന്ദ്രം
1581241
Monday, August 4, 2025 6:26 AM IST
ചവറ: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കേരള ടൂറിസം വകുപ്പിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. ചവറ കെഎംഎംഎല്‍ കമ്പനി സമീപം കോലം വാര്‍ഡിലാണ് ഈ വഴിയോര വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പൂട്ടിയത്.
യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ഈ വിശ്രമ കേന്ദ്രം ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം ബില്‍ഡിംഗ് തകര്‍ച്ചയുടെ വക്കിലായെന്ന് ജനം ആരോപിക്കുന്നു. ഷിബു ബേബി ജോണ്‍ എംഎല്‍എയാണ് ജന ഉപകാരപ്രദമായ ഈ പദ്ധതി ഇവിടെ കൊണ്ടുവന്നു നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തീകരിച്ചത്.
എന്നാല്‍ തുടര്‍ന്നു വന്ന എംഎല്‍എ എന്‍.വിജയന് പിള്ള പദ്ധതി പൂര്‍ത്തീകരിച്ച് 2018-ല്‍ വിനോദസഞ്ചാര മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനെ കൊണ്ട് നാടിനായി തുറന്നു നല്കി. ഉദ്ഘാടനത്തിനു ശേഷവും കുറച്ചുനാള്‍ കെട്ടിടം പൂട്ടിക്കിടന്നിരുന്നു. കരാര്‍ വ്യവസ്ഥയില്‍ നടത്തിവന്ന ഈ സ്ഥാപനം പിന്നീട് നാഷണല്‍ ഹൈവേയുടെ വികസനത്തിന്റെ പേരില്‍ പൂട്ടി ഇടേണ്ടി വന്നു. ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ ഈ കെട്ടിടം കാടുകയറി അധികൃതരുടെ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനെ തുടർന്ന് ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഈ വിശ്രമ കേന്ദ്രം ഏറെ ഉപകാരപ്രദമായിരുന്നു. ഇതില്‍ സ്ഥാപിതമായ ടോയ്ലറ്റുകള് വഴിയാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ചെറിയൊരു ബേക്കറി ഉള്‍പ്പെടെയായിരുന്നു നടന്നുവന്നിരുന്നത്.
ഹരിപ്പാട് കഴിഞ്ഞാല്‍ കൊല്ലം ജില്ലയില്‍ ദേശീയപാതയോട് ചേര്‍ന്ന് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഈയൊരു സ്ഥാപനം മാത്രമേ ഉള്ളൂ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കിട്ടിയ പണം ഉപയോഗിച്ച് ഇത് പുനര്‍ നിര്‍മിച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനമാകും.
ഏറെ ജനപ്രദമായ പദ്ധതികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാലാണ് ഇത്തരം പദ്ധതികള്‍ നാശത്തിന്റെ വക്കില്‍ എത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഈ കെട്ടിടം സംരക്ഷിച്ച് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാൻ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.