ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വയോധികനായ ഡ്രൈവറെ മര്‍ദിച്ച പ്രതിയെ അറസ്റ്റു ചെയ്തു
1582026
Thursday, August 7, 2025 6:20 AM IST
കൊട്ടിയം: മോട്ടോര്‍ സൈക്കിളിനു സൈഡ് നല്‍കാത്തതിന്റെ വിരോധത്താല്‍ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വയോധികനായ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതി പോലീസിന്റെ പിടിയില്‍. ആദിച്ചനല്ലൂര്‍ തഴുത്തല ചേരിയില്‍ ചിറക്കര പുത്തന്‍ വീട്ടില്‍ രഘുനാഥന് മകന് അരുണ്‍(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ജൂലൈ 29നു രാത്രി 10.30 ഓടെ കൊട്ടിയം ജംഗ്ഷനു സമീപത്തു വച്ചാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരവധി ഇരുചക്രവാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചും നിരീക്ഷിച്ചും ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ചന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടിയം ഇന്‍സ്പെക്ടര്‍ പി. പ്രദീപിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യ്ത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.