മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ അപകടഭീഷണി ; ലക്ഷങ്ങളുടെ നഷ്ടത്തിൽ പൊറുതി മുട്ടി മത്സ്യതൊഴിലാളികൾ
1582030
Thursday, August 7, 2025 6:20 AM IST
അജി വള്ളിക്കീഴ്
കൊല്ലം: കേരള തീരത്ത് രണ്ടു ചരക്ക് കപ്പലുകൾ മുങ്ങിയതിനെ തുടർന്ന് കടലിൽ പെട്ട കണ്ടയ്നറുകൾ മൽസ്യ ബന്ധന തൊഴിലാളികൾക്ക് അപകട ഭീഷണിയായി. ലക്ഷക്കണക്കിന് രൂപവിലമതിക്കുന്ന വള്ളങ്ങളും വലകളുമാണ് ഇതിനകം ബോട്ടുകൾക്കും വള്ളങ്ങൾക്കും നഷ്ടമായിരിക്കുന്നത്.
അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നത് തുടരുമ്പോൾ മത്സ്യബന്ധന മേഖലക്ക് ഇത് മൂലം ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. കണ്ടെയ്നറുകളിലും കണ്ടെയ്നർ അവശിഷ്ടങ്ങളിലും ഉടക്കി കൊല്ലം തീരത്ത് നിന്ന് കടലിൽ പോയ 38 ഓളം വള്ളങ്ങളുടെയും ബോട്ടുകളുടെയും വലകൾക്ക് മാത്രമായി ഒരുകോടിക്കടുത്ത് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വലകൾക്ക് നഷ്ടം സംഭവിച്ചവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യത്തിനു മുന്നിൽ സർക്കാർ തീർത്തും മൗനം പാലിക്കുകയാണ്.
കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ കുരുങ്ങിൊയാണ് മത്സ്യത്തൊഴിലാളികളുടെ വലകൾ നഷ്ടപ്പെടുന്നത്. കണ്ടെയ്നർ അവശിഷ്ടങ്ങളിൽ വലകൾ കുരുങ്ങിയാൽ പിന്നെ ആ വലകൾ ഉപയോഗ യോഗ്യമാക്കണമെങ്കിൽ ലക്ഷങ്ങളാണ് ചിലവഴിക്കേണ്ടി വരുക. കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ മാത്രം എട്ടു മൽസ്യ തൊഴിലാളികൾക്ക് വല പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതി വിശേഷം ഉണ്ടായി.
അപകടത്തിൽപ്പെട്ട എം എസ് സി എൽസ കപ്പലിൽ നിന്ന് കടലിൽ മുങ്ങിയ കണ്ടെയ്നറുകൾ ഒഴുകി നടക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. മാസത്തിലധികമായി ജൂലൈ മൂന്നിന് മുൻപ് കണ്ടെയ്നറുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെനിർദേശം. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
വലകൾ കണ്ടെയ്നറിൽ ഉടക്കി നീണ്ടകര, ശക്തികുളങ്ങര, വാടി ഭാഗങ്ങളിൽ നിന്ന് കടലിൽ പോയ 38 ഓളം വള്ളങ്ങളുടെ ബോട്ടുകളുടെയും വലകൾക്ക് നാശം സംഭവിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.
ട്രോളിങ്ങ് നിരോധനം കഴിഞ്ഞതോടെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മീൻ കൂടുതൽ കിട്ടുന്ന സമയത്താണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. വലകൾ നശിച്ച വള്ളങ്ങൾക്ക് ഇനി ദിവസങ്ങളോളം കടലിൽ പോകാനാവില്ല. ഇത് നൂറുകണക്കിന് കുടുംബങ്ങളെയാണ് കഷ്ടത്തിലാക്കിയിരിക്കുന്നത്. പരാതി നൽകുമ്പോൾ കേസെടുക്കാൻ പോലും തീരദേശ പോലീസ് തയാറാകുന്നില്ലെന്ന ആരോപണം വേറെ.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കൂടുതൽ ബോട്ടുകൾ കടലിൽ പോകാൻ തുടങ്ങിയെങ്കിലും കൂടുതൽ പേരും ആശങ്കയോടെയാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. വലകൾ നഷ്ടമായ വള്ളങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മൽസ്യത്തൊഴിലാളികൾ ഈ സാഹചര്യത്തിൽ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് 14.6 നോട്ടിക്കല്‍ മൈല്‍ ദൂരെ അപകടത്തില്‍പ്പെട്ട എംഎസ് സി എല്‍സ മൂന്ന് എന്ന ചരക്ക് കപ്പലില്‍ നിന്ന് 700 ഓളം കണ്ടെയ്നറുകളും ബേപ്പൂര്‍ തുറമുഖത്തിന് പടിഞ്ഞാറ് ഭാഗത്തായി 106 നോട്ടിക്കല്‍ മൈലില്‍ സിങ്കപ്പൂര്‍ വാന്‍ ഹായി 503 എന്ന കപ്പലില്‍ നിന്ന് 600 ഓളം കണ്ടെയ്നറുകളും ആണ് കടലിന്റെവിവിധ ഭാഗങ്ങളില്‍ പതിക്കുന്നത്. ഈ കണ്ടെയ്നറുകളില്‍ ഭൂരിഭാഗവും എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗത്തെ കടലിന്റെ വിവിധ ഭാഗങ്ങളില്‍ അടിത്തട്ടില്‍ കിടക്കുന്നുണ്ടെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്.
കണ്ടെയ്നറുകള്‍ കിടക്കുന്നതിനാൽ കൊല്ലം ആലപ്പുഴ ജില്ലകളില്‍ നിന്ന് കടലിൽ പോകുന്ന ബോട്ടുകള്‍ക്കും,വള്ളങ്ങള്‍ക്കും സുഗമമായി മത്സ്യ ബന്ധനം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ എസ്. എഫ്. യേശുദാസനും സെക്രട്ടറി ജി. ലീലാകൃഷ്ണനും പറയുന്നു.