റവ.ജോസ് ജോർജ് സഭയെ സ്നേഹിക്കുന്ന ബിഷപ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
1582023
Thursday, August 7, 2025 6:20 AM IST
സിഎസ്ഐ കൊല്ലം -കൊട്ടാരക്കര മഹായിടവകയ്ക്ക് ധന്യനിമിഷം
കൊല്ലം: വിശ്വാസികളുടെ പ്രാർഥനയുടെയും സ്തുതിഗീതങ്ങളുടെ അലയടി നിറഞ്ഞ അന്തരീക്ഷത്തിൽ സിഎസ്ഐ കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ ദ്വിതീയബിഷപായി റവ.ജോസ് ജോർജ് അഭിഷിക്തനായി. സഭയുടെ തദ്ദേശീയനായ ആദ്യബിഷപാണ് റവ.ജോസ് ജോർജ്. നൂറുക്കണക്കിനു വിശ്വാസികളും വൈദികരും സന്തോഷനിമിഷത്തിനു സാക്ഷികളായി കത്തീഡ്രൽ പള്ളിയിൽ സന്നിഹിതരായിരുന്നു.
വിശ്വാസതീഷ്ണതയാൽ നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രാർഥന കത്തീഡ്രൽ പള്ളിയിൽ മുഴങ്ങി. ഗായകസംഘത്തിന്റെ ആലാപനത്തിനൊപ്പം വിശ്വാസികളും വൈദികരും ചേർന്നു വിശ്വാസരഹസ്യങ്ങൾ ഏറ്റുപാടി. സഭ മോഡറേറ്റർ റവ. ഡോ. കെ.രൂബേൻ മാർക്കിന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് റവ. ജോസ് റവ.ജോസ് ജോർജ് അഭിഷിക്തനായത്.
തുടർന്നു കത്തീഡ്രൽഅങ്കണത്തിൽ നടന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവവചനപ്രഘോഷണത്തിലൂടെയും പ്രാർഥനയിലൂടെയും പ്രവൃത്തിയിലൂടെയും സഭയെ സ്നേഹിക്കുന്ന ബിഷപാണ് റവ. ജോസ് ജോർജെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സഭയുടെ ശക്തി നേതൃത്വമാണ്. സഭൈക്യം കാത്തുപരിപാലിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരുവചനപ്രഘോഷണത്തിലൂടെയും ആരാധനയിലൂടെയും അധികാര ശുശ്രൂഷയിലൂടെയും കൊല്ലം-കൊട്ടാരക്കര മഹായിടവകയെ നയിക്കാൻ റവ.ജോസ് ജോർജിനു സാധിക്കും. വിശ്വാസത്തിലുംശുശ്രൂഷയിലും ദൈവത്തിനും ദൈവജനത്തിനും വേണ്ടി പ്രവർത്തിക്കാൻ ബിഷപിനു സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സിഎസ്ഐ ബിഷപ് കൗൺസിലിന്റെ സെക്രട്ടറി റവ. തിമോത്തി രവീന്ദ്രർ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാര്‍ ദിവന്നാസിയോസ് ,ഡോ. സ്റ്റാന്‍ലി റോമന്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.സെൽവദാസ് പ്രമോദ, ശ്രീമദ് അസംഗാനന്ദ ഗിരി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, എംഎല്‍എമാരായ എം.നൗഷാദ്, പി.എസ്. സുപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു, സിപിഎം. കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, എഐസിസി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.