പത്തനംതിട്ടയിലും എൻഐഎ പരിശോധന, കേന്ദ്രസേനയുടെ അകന്പടിയിൽ
1223622
Thursday, September 22, 2022 10:21 PM IST
പത്തനംതിട്ട: പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുഹമ്മദ് സാദിഖിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ എൻഐഎ, ഇഡി സംഘം പരിശോധനയ്ക്കെത്തിയത് കേന്ദ്രസേനയുടെ അകന്പടിയിലാണ്.
പത്തനംതിട്ട നഗരത്തിൽ മുണ്ടുകോട്ടയ്ക്കൽ കൊന്നമൂട്ടിലെ വീട്ടിലേക്ക് പുലർച്ചെ 3.30നാണ് സംഘമെത്തിയത്. 3.40ന് ആരംഭിച്ച റെയ്ഡ് രാവിലെ 9.40നാണ് പൂർത്തിയായത്. വീട്ടിൽ നിന്ന് രണ്ട് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, സിഡി, പെൻഡ്രൈവ്, ചെക്ക് ലീഫുകൾ, ബാങ്ക് രേഖകൾ, പോപ്പുലർ ഫ്രണ്ട് എന്നെഴുതിയ ടീഷർട്ടുകൾ എന്നിവ പിടിച്ചെടുത്തു.
റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ് പ്രവർത്തകർ വീടിനു മുന്പിൽ സംഘടിച്ചിരുന്നു.
മുപ്പതോളം സായുധ സിആർപിഎഫ് ഭടൻമാരുടെ കാവലിലായിരുന്നു പരിശോധന. റെയ്ഡിനിടെ രക്ഷപെടുന്നതിന്റെ ഭാഗമായി വീട്ടുമുറ്റത്തേക്ക് ചാടിയ സാദിഖിനെ സിആർപിഎഫ് സംഘം വളഞ്ഞിട്ടു പിടിച്ചു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോയ ശേഷവും റെയ്ഡ് തുടർന്നു. ലോക്കൽ പോലീസിനെ അറിയിക്കാതെയാണ് റെയ്ഡിന് സംഘമെത്തിയത്. രാവിലെ 9.40നാണ് റെയ്ഡ് അവസാനിച്ചത്. ഇതിനിടെ, നാൽപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. പത്തനംതിട്ട പോലീസെത്തി ഇവരെ തടഞ്ഞു.
എന്തു കുറ്റം ചെയ്തിട്ടാണ് പാതിരാത്രിയിൽ വീട്ടിലെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തതെന്ന് സാദിഖിന്റെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ഫസീന തക്ബീർ പ്രതികരിച്ചു. ഉറങ്ങിക്കിടന്ന എട്ടും അഞ്ചും മൂന്നും വയസുള്ള കുട്ടികളെ എടുത്തുയർത്തി മാറ്റി. നാട്ടുകാർക്കൊപ്പമുള്ള പൊതുപ്രവർത്തകനെ പാതിരാത്രിയിൽ തോക്കുമായി വന്ന് കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
റെയ്ഡിലും കസ്റ്റഡിയിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജില്ലയിൽ പലയിടങ്ങളിലും പ്രകടനം നടത്തി. പറക്കോട്ടെ പോപ്പുലർ ഫ്രണ്ട് ഓഫീസിലും ഇതേസമയം പരിശോധന നടന്നിരുന്നു.
പത്തനംതിട്ടയിൽ രാവിലെ പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധം നടത്തി. വൈകുന്നേരവും ടൗണിൽ പ്രകടനം നടന്നു.
ഭരണകൂടഭീകരതയെന്ന് പോപ്പുലർ ഫ്രണ്ട്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്. സജീവ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഇന്ന് ജില്ലയിലും ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.