കടുവാഭീഷണി: വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ജോസ് കെ. മാണി എംപി
1224196
Saturday, September 24, 2022 11:09 PM IST
കോട്ടയം: റാന്നി വനം ഡിവിഷന്റെ സമീപമുള്ള ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗം വിളിച്ചുചേർത്ത് അതീവ ഗൗരവമായ ഈ സാഹചര്യം വിലയിരുത്തി സംസ്ഥാനതലത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കണം. മലയാലപ്പുഴ കോടമലയിലെ റബര്ത്തോട്ടത്തിലിറങ്ങിയ കടുവ പോത്തിനെ കൊന്നത് കടുവ ജനവാസ മേഖലയില്‍ എത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. റാന്നി, വടശേരിക്കര പ്രദേശങ്ങളില്‍ കടുവ ഭീഷണിക്കു പുറമേ കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം കാരണം കാര്‍ഷിക മേഖല ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. മലയോര നിവാസികളുടെ ജീവനും സ്വത്തിനും വനംവകുപ്പ് സംരക്ഷണം നൽകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.