ഓമല്ലൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു നായകൂടി ചത്തു
1226313
Friday, September 30, 2022 10:49 PM IST
ഓമല്ലൂർ: ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ നിരീക്ഷണത്തിൽ കഴിഞ്ഞ തെരുവുനായ ചത്തു പേവിഷബാധ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം ജഡം മറവുചെയ്തു.
മറ്റ് മൂന്ന് നായ്ക്കളെ കൂടി അവശനിലയിൽ കണ്ടെത്തിയത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തിപരത്തിയിരുന്നു.
കോന്നിയിൽ നിന്നു സന്നദ്ധ പ്രവർത്തകർ എത്തി അവയ്ക്കൊപ്പം അലഞ്ഞുതിരിഞ്ഞു നടന്ന മറ്റു രണ്ടു നായ്ക്കളെ കൂടി പിടികൂടി മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക കടമുറിക്കുള്ളിൽ ബന്ധിച്ചിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ആഹാരസാധനങ്ങൾ എത്തിക്കുന്നത് മാർക്കറ്റിനുള്ളിലെ വ്യാപാരികളാണ്.
വ്യാപാരികൾക്ക് ആ തുക മടക്കി നൽകുമെന്നും ഏഴ് ദിവസം നായ്ക്കളെ നിരീക്ഷണത്തിൽ വച്ചശേഷം അസ്വസ്ഥതകൾ ഒന്നും ഇല്ലായെങ്കിൽ വാക്സിൻ നൽകി ഇവയെ തുറന്നു വിടുമെന്നും തത്കാലം വന്ധ്യംകരണ സൗകര്യങ്ങളില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺവിളവിനാൽ പറഞ്ഞു.