ബാബുവിന്റെ മരണം : ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ സിപിഎമ്മിനാകില്ല: എംപി
1226322
Friday, September 30, 2022 10:50 PM IST
പെരുനാട്: മഠത്തുംമൂഴി മേലേതില്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾ കുറ്റക്കാരാണെന്ന് ആന്റോ ആന്റണി എംപി. ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കളുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്നും ഉത്തരവാദികള്‍ക്കെതിരെ പ്രേരണാകുറ്റത്തിന് അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
പഞ്ചായത്തിന് യാതൊരു അധികാരവും ഇല്ലാത്ത ബാബുവിന്റെ സ്വന്തം പേരിലുള്ള സ്ഥലം ഭീഷണിപ്പെടുത്തി കൈയേറി വെയിറ്റിംഗ് ഷെഡും അനുബന്ധ സ്ഥാപനങ്ങളും നിർമിക്കാന്‍ നടത്തിയ ശ്രമം പൗരാവകാശത്തിനുമേലുള്ള കടന്നു കയറ്റവും ജനാധിപത്യ ധ്വംസനവുമാണെന്നും എംപി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് രാജു മരുതിക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാന് തുടങ്ങി യവർ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
റാന്നി: പെരുനാട് പെരുനാട് മേലേതില്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു റാന്നി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബാബുവിന്റെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ള സിപിഎം നേതാക്കള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാവിലെ 10.30ന് കെപിസിസി സെക്രട്ടറി ബി.ആര്.എം. ഷഫീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന് അധ്യക്ഷത വഹിക്കും.