വിവാദസ്ഥലത്തു ഫെന്‍സിംഗ് വേലി സ്ഥാപിച്ച് ബിജെപി
1226323
Friday, September 30, 2022 10:50 PM IST
പെരുനാട്: റാന്നി പെരുനാട്ടില്‍ ജീവനൊടുക്കിയ മേലേതില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരേ രംഗത്തുവന്ന ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തു ഫെന്സംഗ് വേലി നിര്‍മിച്ചു. ഇതോടെ വിവാദ സ്ഥലം ബാബുവിന്റെ വസ്തുവിനോടു ചേർന്നു തന്നെയായി.
ബിജെപി നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചിനേ തുടര്‍ന്നാണിത്.
ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വെയ്റ്റിംഗ് ഷെഡിനും ശുചിമുറിക്കുമായി വിട്ടുനല്‍കണമെന്ന സമ്മര്‍ദം സിപിഎം നേതാക്കള്‍ ഉയര്‍ത്തിയതിനേ തുടര്‍ന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ബാബുവിന്റെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ള സിപിഎം നേതാക്കള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തിയത്.
ബാബുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യുന്നതുവരെ സമരപരിപാടി തുടരുമെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. മാർച്ചിന്റെ ഉദ്ഘാടനവും സൂരജ് നിർവഹിച്ചു.