മടിച്ചുമടിച്ചു പഞ്ചായത്തുകൾ! കുത്തിവയ്പ് പാളുന്നു
1226576
Saturday, October 1, 2022 10:54 PM IST
പത്തനംതിട്ട: വളർത്തുനായ്ക്കളിൽ ആരംഭിച്ച പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ആവേശം കെട്ടടങ്ങുന്നു.
പദ്ധതി തുടങ്ങിവച്ച തദ്ദേശസ്ഥാപനങ്ങൾ മെല്ലപ്പോക്കിലായതോടെ പരിപാടിയുടെ ഉത്തരവാദിത്വം മൃഗസംരക്ഷണവകുപ്പിനു മാത്രമായി ചുരുങ്ങി. ഫണ്ടിന്റെ അഭാവം മൂലം പ്രാഥമിക സൗകര്യം പോലും ഒരുക്കാൻ പലേടത്തും തദ്ദേശസ്ഥാപനങ്ങൾക്കാകുന്നില്ല.
വളർത്തു നായ്ക്കളിൽ ആരംഭിച്ച പ്രതിരോധയജ്ഞം ജില്ലയിൽ നല്ലനിലയിൽ പുരോഗമിച്ചുവരികയായിരുന്നു. 40,000ൽപരം വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമായി ജില്ലയിൽ കുത്തിവയ്പ് നൽകി.
പഞ്ചായത്ത്, നഗരസഭ വാർഡുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു മാസമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കുത്തിവയ്പ് നൽകിവരികയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പ്രതിരോധ വാക്സിനേഷൻ നൽകിയ ജില്ലയെന്ന ബഹുമതിയും പത്തനംതിട്ടയ്ക്കാണ്.
പ്രാഥമിക സൗകര്യങ്ങളില്ല
പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ യാതൊരു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കടത്തിണ്ണകളിലും പൊതുനിരത്തുകളിലുമാണ് പലയിടത്തും വാക്സിനേഷൻ നടത്തുന്നത്. കുത്തിവയ്ക്കാനായി കൊണ്ടുവരുന്ന നായ്ക്കളുടെ ആക്രമണം പലപ്പോഴും ഉണ്ടാകുന്നു. ഇതിനോടകം മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്കും കുത്തിവയ്പ് കേന്ദ്രങ്ങളിലെത്തിയവർക്കുമൊക്കെ നായയുടെ കടിയേൽക്കേണ്ടിവന്നു. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്ക് ഒരു ഡോസ് പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ട്.
കുത്തിവയ്ക്കുന്പോൾ നായ തിരിഞ്ഞു കടിക്കാതിരിക്കാൻ ഉടമയെക്കൊണ്ട് വായ് മൂടിപിടിപ്പിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ, കുത്തിവയ്ക്കുന്പോഴുള്ള വേദനയ്ക്കിടെ ഉടമയ്ക്കു പോലും നായയുടെ കടിയേൽക്കേണ്ടി വന്ന സംഭവങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊറ്റനാട്ടെ ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ ഒരു വയോധികനു സ്വന്തം വളർത്തുനായ കടിച്ചു മാരകമായി മുറിവേറ്റു.