കേറിവാടാ മക്കളേ... ഭക്ഷണശാലയിലും മത്സരാഘോഷം
1244557
Wednesday, November 30, 2022 10:58 PM IST
തിരുവല്ല: കലോത്സവ നഗറിനെ സമ്പുഷ്ടമാക്കിയ ഭക്ഷണശാല വേറിട്ടതായി. പ്രവേശന കവാടത്തിൽ "കേറി വാടാ മക്കളേ... എന്ന അഞ്ഞൂറാൻ ഡയലോഗോടെ സ്വാഗതം ചെയ്യുന്ന പ്രവേശന കവാടം കടന്ന് വിഭവസമൃദ്ധമായ മേശക്കരികിലേക്കെത്തുന്ന കലാപ്രതിഭകളെ കാത്തിരുന്നത് രുചിഭേദങ്ങളോടൊപ്പം വേറിട്ട മത്സര ഇനങ്ങളും.
പ്രശസ്തമായ ഡയലോഗുകൾക്കൊപ്പം വിവിധതരം കാർട്ടൂണുകളും ഓഡിറ്റോറിയത്തെ ഹൃദ്യമാക്കി. കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിക്കായിരുന്നു ഇത്തവണ ഭക്ഷണച്ചുമതല.
നഗരസഭാ കൗൺസിലർ സജി എം. മാത്യു ചെയർമാനും ജില്ലാ സെക്രട്ടറി വി.ജി. കിഷോർ കൺവീനറുമായാണ് ഭക്ഷണക്കമ്മിറ്റി പ്രവർത്തിച്ചു വരുന്നത്.
സംസ്ഥാനസമിതി അംഗളായ ഫിലിപ്പ് ജോർജ്, വർഗീസ് ജോസഫ്, ജില്ലാ പ്രസിഡന്റ് എസ്. പ്രേം, ജോസ് മത്തായി, ജോൺ ജോയി, എസ്.ദിലീപ് കുമാർ, പ്രീത ബി.നായർ, ലീന തങ്കച്ചൻ, എച്ച്.ഹസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണം. ഓമല്ലൂർ അനിൽ ബ്രദേഴ്സിന്റെ ചുമതലയിലാണ് പാചകം. എല്ലാദിവസവും ഉച്ചയ്ക്ക് പായസം കൂട്ടിയുള്ള ഊണാണ് മത്സരാർഥികൾക്കും സംഘാടകർക്കും വിധികർത്താക്കൾക്കും സുരക്ഷ ഉദ്യോഗസ്ഥർക്കുമായി നൽകുന്നത്.