സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പ് കേസ്: മാനേജർ അറസ്റ്റിൽ
1245122
Friday, December 2, 2022 10:42 PM IST
കോഴഞ്ചേരി: സ്വകാര്യ പണമിടപാട് സ്ഥാപനം കേന്ദ്രീകരിച്ച് കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കോയിപ്രം പോലീസിന്റെ പിടിയിലായി. കുറിയന്നൂർ പിആർഡി മിനി നിധി ലിമിറ്റഡിന്റെ മാനേജർ കോയിപ്രം തോട്ടപ്പുഴശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ ഡേവിസ് ജോർജാ(64)ണ് അറസ്റ്റിലായത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാപന ഉടമകളായ കുറിയന്നൂർ ശ്രീരാമസദനം ഡി. അനിൽകുമാർ (59), ഇയാളുടെ ഭാര്യ ഡി.എസ്. ദീപ(52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ നേരത്തെ എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നു പിടികൂടിയിരുന്നു. നിക്ഷേപത്തുകയോ പലിശയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം, നിക്ഷേപത്തുകകൾ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ, ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങളാണെന്നും ബോധ്യപ്പെട്ടിരുന്നു. തുടർന്ന്, മറ്റ് അന്വേഷണങ്ങളെല്ലാം നടത്തിയ പോലീസ് സംഘം, പ്രതികളെ പിടികൂടുന്നതിന്, മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.