മാര്ഗദര്ശികളായ വനിതകളെ സംബന്ധിച്ച പുസ്തകം പുറത്തിറക്കും
1263053
Sunday, January 29, 2023 10:24 PM IST
പത്തനംതിട്ട: നാടിന്റെ അഭിമാനങ്ങളായ വനിതാരത്നങ്ങളെ പുതുതലമുറ വിസ്മരിക്കരുതെന്ന് ഗോവാ ഗവര്ണര് പി.എസ്.ശ്രീധരന്പിള്ള.
റിട്ടയേഡ് ജസ്റ്റീസും മുന് തമിഴ്നാട് ഗവര്ണറുമായ ഫാത്തിമാബീവിയെ പത്തനംതിട്ടയിലെ വസതിയില് സന്ദര്ശിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വനിതാ ജഡ്ജി, ആദ്യനിയമ വിദ്യാര്ഥിനി, ഗവര്ണര് തുടങ്ങിയ പദവികള് അലങ്കരിച്ച ഫാത്തിമാ ബീവിയെപ്പോലെയുള്ളവരുടെ അനുഭവങ്ങള് പുതുതലമുറയ്ക്ക് പാഠമാണ്.
നിയമമേഖലയിലും ഇതിന് ഏറെ പ്രസക്തിയുണ്ട്. അന്നത്തെക്കാലത്ത് അവര് കാണിച്ച ധൈര്യവും ആത്മാര്ഥതയുമാണ് ഉന്നതിയിലേക്ക് എത്തിച്ചേരാന് തുണയായത്. ഇത്തരം മാര്ഗദര്ശികളായ വനിതകളുടെ വിശദാംശങ്ങള് ശേഖരിച്ച് ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണെന്നും ശ്രീധരന്പിള്ള പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ഗോവാ ഗവര്ണര് പത്തനംതിട്ട നഗരത്തിലെ അണ്ണാവീട്ടില് എത്തിയത്. ജസ്റ്റീസ് ഫാത്തിമാബീവിയുടെ സഹോദരന്റെ മകന് മാവേലിക്കര കുടുംബക്കോടതി ജഡ്ജി ഹഫീസ് മുഹമ്മദും മറ്റ് ബന്ധുക്കളും ചേര്ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളേതുടര്ന്ന് വിശ്രമത്തിലാണ് ഫാത്തിമാ ബീവിയെങ്കിലും ശ്രീധരന്പിള്ളയെ കണ്ടതോടെ പഴയ കര്മമേഖലയിലെ പല അനുഭവങ്ങളും ഓര്മയിലേക്ക് ഓടിയെത്തി. അഭിഭാഷകനായിരുന്ന ശ്രീധരന്പിള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ഓര്മകളായിരുന്നു ഏറെയും.