തിരിച്ചറിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത: ഡെപ്യൂട്ടി സ്പീക്കർ
1263666
Tuesday, January 31, 2023 10:24 PM IST
കോന്നി: തിരിച്ചറിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസമാണ് ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസത്തിലൂടെ അറിവിനൊപ്പം തിരിച്ചറിവും നേടുന്നതിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.കെ. രവീന്ദ്രനാഥ് കല്ലറേത്ത് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് അംഗവുമായ ആർ. ഹരിദാസ് ഇടത്തിട്ട അവാർഡ് വിതരണം നടത്തി. കോന്നി ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീക്ക് അൽ ഖാസിമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഷ്മ മറിയം റോയി, ടി.വി. പുഷ്പവല്ലി, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആർ. ദേവകുമാർ, ഹയർ സെക്കൻഡറി വൊക്കേഷണൽ അസിസ്റ്റന്റ് ഡയറക്ടർ ആർ. സിന്ധു, അധ്യാപകരായ ആർ. സുനിൽ, ഷാജി മാത്യു, സ്കൂൾ ലീഡർ ആർ. അമിദേവ് എന്നിവർ പ്രസംഗിച്ചു