കോൺഗ്രസ് കുടുംബത്തെ സംരക്ഷിച്ച നിലപാട്; തലയൂരാൻ സിപിഎം
1264253
Thursday, February 2, 2023 10:23 PM IST
പത്തനംതിട്ട: കോൺഗ്രസ് വനിതാ നേതാവിന്റെ വീടും കടമുറിയും സംരക്ഷിക്കാൻ ഡിവൈഎഫ്ഐക്കാരെ നിയോഗിച്ചു വെട്ടിലായതോടെ വിഷയത്തിൽ നിന്നു തലയൂരാൻ സിപിഎം ശ്രമം.
ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ലേലം ചെയ്ത വീടും കടമുറിയും ഏറ്റെടുക്കാനെത്തിയ അഭിഭാഷക കമ്മീഷനെയും ലേലം കൊണ്ടയാളെയും തടയാൻ മുന്നിട്ടുനിന്നതിന്റെ പേരിൽ അപഹാസ്യരായി മാറിയതോടെയാണ് നിലപാട് തിരുത്താനുള്ള ശ്രമവുമായി ചില നേതാക്കൾ രംഗത്തെത്തി.
പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സണും കെപിസിസി മുൻ സെക്രട്ടറിയുമായ അജീബ എം. സാഹിബിന്റെ വീടും കടമുറിയും ഏറ്റെടുക്കാനെത്തിയ സംഘത്തെയാണ് സിപിഎം നേതാക്കൾ തടഞ്ഞത്. എന്നാൽ പാർട്ടി നേതാക്കളുടെ നടപടിക്കെതിരേ ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ലോക്കൽ സെക്രട്ടറി അടക്കമുള്ള തലയൂരാൻ ശ്രമിക്കുന്നത്. അഭിഭാഷക കമ്മീഷൻ ബുധനാഴ്ച എത്തുന്പോൾ താൻ സ്ഥലത്തില്ലായിരുന്നുവെന്ന് ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നിലപാട്. എന്നാൽ കമ്മീഷൻ ആദ്യദിവസം സ്ഥലത്തെത്തിയപ്പോൾ തടഞ്ഞതുമായി ബന്ധപ്പെട്ട് കോടതിക്കു നൽകിയിട്ടുള്ള റിപ്പോർട്ടിൽ അഭിഭാഷകൻ കൂടിയായ സിപിഎം ലോക്കൽ സെക്രട്ടറിയുടെ പേരെടുത്ത് പരാമർശവുമുണ്ട്.
എസ്എഫ്ഐ നേതാവായിരുന്ന സി.വി. ജോസിന്റെ കൊലപാതകവുമായി അജീബ എം. സാഹിബിന്റെ ഭർത്താവ് പ്രതിയായിരുന്നതാണ് പാർട്ടിക്കുള്ളിൽ വിഷയത്തിൽ എതിർശബ്ദം രൂക്ഷമാകാൻ കാരണം. രക്തസാക്ഷി കുടുംബത്തെ വഞ്ചിക്കുന്ന നിലപാടാണ് ഒരുവിഭാഗം നേതാക്കൾ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് പാർട്ടിയെ വെട്ടിലാക്കിയത്.
ഇതിനിടെ അജീബ എം. സാഹിബിനെയും കുടുംബത്തെയും സിപിഎമ്മിലേക്ക് എത്തിക്കാനുള്ള ചരടുവലികളുടെ ഭാഗമായാണ് വീടും കടമുറിയും ഏറ്റെടുക്കൽ തടയാൻ ഡിവൈഎഫ്ഐ സംഘത്തെ നിയോഗിച്ചതിനു പിന്നിലെന്നും പറയുന്നു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടപടികൾ നീക്കിയതെന്നും ആരോപണമുണ്ട്.
വീട് കൈയടക്കാൻ ശ്രമിച്ചത്
മാഫിയ സംഘമെന്ന് ഡിവൈഎഫ്ഐ
പത്തനംതിട്ട: നഗരസഭ മുൻ ചെയർപേഴ്സൺ അജീബ എം. സാഹിബിന്റെ വീട് കോടതി ഉത്തരവിനെത്തുടർന്ന് ഒഴിപ്പിക്കാൻ എത്തിയവരെ തടഞ്ഞതിനു ന്യായീകരണവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്ത്.
കുറഞ്ഞ വിലയ്ക്ക് ഭൂമി കൈക്കലാക്കുന്ന ജില്ലയിലെ മാഫിയ സംഘമാണ് അജീബയുടെ വീട് ഒഴിപ്പിക്കാനെത്തിയതെന്ന് ഡിവൈഎഫ്ഐ പത്തനംതിട്ടം ബ്ലോക്ക് സെക്രട്ടറി സൂരജ് എസ്. പിളള ആരോപിച്ചു. ജില്ലയിലെ പല ധനാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്. പണം തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തുന്നത് തക്കം പാർത്തിരിക്കുന്ന ചിലർ അക്രമികളെ വിട്ട് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ നാല് കോടി വിലമതിക്കുന്ന ഭൂമി വസ്തു കഴിഞ്ഞ ദിവസം ഒഴിപ്പിച്ചതും ഇത്തരത്തിലാണ്. 25 ലക്ഷം രൂപയ്ക്കാണ് ധനകാര്യ സ്ഥപനങ്ങളുമായി ചേർന്ന് ഭൂമാഫിയ സ്ഥലം ഏറ്റെടുക്കാനെത്തിയത്. സ്ഥലം തട്ടിപ്പിൽ കോൺഗ്രസ് നേതാക്കൾക്കും ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഇടപെടാതിരുന്നത് കോടതി
അലക്ഷ്യമായതിനാൽ: ഡിസിസി പ്രസിഡന്റ്
കെപിസിസി മുൻ സെക്രട്ടറി അജീബ എം. സാഹിബിന്റെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിൽ കോൺഗ്രസ് ഇടപെടാതിരുന്നത് കോടതി അലക്ഷ്യമാകുമെന്നതിനാലാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാനെത്തുന്നവരെ തടയാനാവില്ല. ഉത്തരവ് നടപ്പാക്കുന്നതിനെ സിപിഎം തടഞ്ഞത് നിയമത്തോടുളള അനാദരവിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.