സാമൂഹികാഘാത വിലയിരുത്തൽ സമിതി സന്ദർശനം നടത്തി
1264803
Saturday, February 4, 2023 10:28 PM IST
പത്തനംതിട്ട: കോടതി സമുച്ചയ നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി വിദഗ്ധസമിതി സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്ത് വകുപ്പ് റിട്ടയേഡ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. മുകേഷിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ റോസ്ലിൻ സന്തോഷ്, സാമൂഹ്യപ്രവർത്തക ഡോ. എം.എസ്. സുനിൽ സാമൂഹ്യശാസ്ത്രജ്ഞ ഡോ. കെ.എസ്. ബിനു, ജില്ലാ കോർട്ട് മാനേജർ കെ. അൻസാരി, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്ന ശേഷമാണ് സ്ഥലത്ത് നേരിട്ട് സന്ദർശനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നു സമിതി അറിയിച്ചു.
പത്തനംതിട്ട വെട്ടിപ്രത്ത് റിംഗ് റോഡിന് സമീപം ആറ് ഏക്കർ (242.91 ആർ) സ്ഥലമാണ് കോടതി സമുച്ചയ നിർമാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്ന സ്ഥാപമാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമാണിത്.