അട്ടത്തോട്: ഗവൺമെന്റ് ട്രൈബൽ സ്കൂളിനും ആദിവാസി മേഖലകൾക്കു നവ്യാനുഭവം പകർന്ന് ലോക പാവനാടകദിനാചരണം. ഇന്നലെ ലോക പാവനാടകദിനത്തോടനുബന്ധിച്ചു പാവകളി പരിശീലകനായ എം.എം. ജോസഫ് മേക്കൊഴൂരിന്റെ നേതൃത്വത്തിലാണ് പുതിയൊരു പഠന മാധ്യമത്തെ കുട്ടികളുടെ മുന്പാകെ അവതരിപ്പിച്ചത്.
അട്ടത്തോട്ടിൽ പമ്പാനദിയുടെ തീരത്തുനിന്നാരംഭിച്ച ഘോഷയാത്രയിൽ കുട്ടികൾ പാവകളും പാവച്ചിത്രങ്ങളും വഹിച്ച് പങ്കെടുത്തു. പാവനാടക ശില്പശാലയുടെ ഉദ്ഘാടനം ഊരുമൂപ്പൻ നാരായണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജു തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അഭിലാഷ്, അധ്യാപിക കുഞ്ഞുമോൾ, സഞ്ചാര സാഹിത്യകാരൻ നെബു തടത്തിൽ, റെജി രാമഞ്ചിറ, ഹിമ, ആശ, നവ്യ എന്നിവർ പ്രസംഗിച്ചു. ന്യൂഡൽഹി സിസിആർടി പാവനാടക പരിശീലകൻ കൂടിയായ എം.എം. ജോസഫ് മേക്കൊഴൂരിനൊപ്പം ആൽബിൻ ജോസഫും പാവനാടകശില്പശാലയ്ക്കു നേതൃത്വം നൽകി. വിവിധ തരം പാവകളെയും അവയുടെ ചലന രീതികളെയും പരിചയപ്പെടുത്തി.