നഗരമധ്യത്തിലെ പൊടിശല്യം, ദുരിതം പേറി ജനം
1280257
Thursday, March 23, 2023 10:48 PM IST
പത്തനംതിട്ട: നഗരത്തില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മൂടിയ ഭാഗങ്ങളില്‍ പൊടിശല്യം കാരണം ജനം ബുദ്ധിമുട്ടുന്നു.
സെന്റ് പീറ്റേഴ്സ് ജംഗ്ഷന് മുതല്‍ അബാന്‍ വരെയുള്ള ഭാഗങ്ങളിലാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. മണ്ണിട്ട ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ടാര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. വാഹനങ്ങള്‍ പോകുമ്പോള്‍ പൊടിപടലങ്ങള്‍ ഉയരുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ജനത്തിന് ഉണ്ടാകുന്നത്.
മണ്ണ് ശരിയായി മൂടാത്തതിനാല്‍ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും പാര്‍ക്കിംഗിനും ബുദ്ധിമുട്ടുണ്ട്. സെന്‍ട്രല്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ പോലും ബസുകള്‍ക്ക് അരിക് മാറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്.
റോഡിന് ഇരുവശങ്ങളിലെ വ്യാപാരികളും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കടകളിലെ സാധനങ്ങള്‍ പൊടിനിറഞ്ഞിരിക്കുകയാണ്. അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നു നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു.
പൊടിശല്യം രൂക്ഷമായതോടെ വ്യാപാരമേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ചൂണ്ടിക്കാട്ടി. വില്പനചരക്കുകളും, ഭക്ഷണ സാധനങ്ങളും വിൽക്കാനോ ഉപയോഗിക്കാനോ സാധിക്കാത്തവിധം നഷ്ടമായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി.
ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ഷാജി മാത്യു, കെ.പി. തമ്പി, ആലിഫ് ഖാൻ മേധാവി, സാബു ചരിവുകാലയിൽ, നൗഷാദ് റോളക്സ്, ബെന്നി ഡാനിയേൽ, സുരേഷ് ബാബു, സുരേഷ് ലാൽ, ജോഷ്വ ജോസ്, പാലസ് രാജു എന്നിവർ പ്രസംഗിച്ചു.