അടൂരിനെ അടിച്ചുവാരും!
1280577
Friday, March 24, 2023 10:55 PM IST
അടൂർ: ശുചീകരണത്തിനു പ്രാധാന്യം നല്കുന്ന നിർമലനഗരം - ശുചിത്വ പദ്ധതികൾക്കു പ്രാധാന്യം നൽകി അടൂർ നഗരസഭ ബജറ്റ്. മാലിന്യ ഉറവിട സംസ്കാരത്തിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കുന്ന പദ്ധതികൾ വരുമെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഉപാധ്യക്ഷ രാജി ചെറിയാൻ പറഞ്ഞു.
ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും 26 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. 66,96,78,231 രൂപ വരവും 59,76,99, 872 രൂപ ചെലവും 7,19,78,359 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഇന്നു ചർച്ച നടക്കും.
വനിതാക്ഷേമ പദ്ധതികൾ
വനിതകളായ അധ്യക്ഷയും ഉപാധ്യക്ഷയും സെക്രട്ടറിയും ചേർന്നു ഭരണം നടത്തുന്ന നഗരസഭയുടെ പുതിയ ബജറ്റിൽ വനിതാ ക്ഷേമ പദ്ധതികൾക്കും പ്രത്യേക പ്രാധാന്യം നൽകി. അടൂർ നഗരത്തിൽ അസമയത്ത് എത്തിച്ചേരുന്ന സ്ത്രീകൾക്ക് അത്താണിയായും അന്തിയുറങ്ങുന്നതിനുമായി നിർഭയ ഷീ ലോഡ്ജ് തുടങ്ങാൻ 10 ലക്ഷം രൂപ വകയിരുത്തി.
ടൗൺഹാൾ തിയേറ്റർ കോംപ്ലക്സ്
റവന്യൂ വകുപ്പിൽനിന്നു വിട്ടുകിട്ടിയിട്ടുള്ള പഴയ ടൗൺഹാൾ നിന്നിരുന്ന സ്ഥലത്തു സാംസ്കാരിക തനിമ നിലനിർത്തുന്ന തരത്തിലുള്ള ആധുനിക സംവിധാനത്തോടെയുള്ള ടൗൺ ഹാൾ, തിയേറ്റർ കോംപ്ലക്സ് എന്നിവ നിർമിക്കാൻ പ്രാരംഭ ചെലവുകൾക്കുമായി ഒരു കോടി രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചു.
ജനറൽ ആശുപത്രിക്ക്
50 ലക്ഷം
ജനറൽ ആശുപത്രി നവീകരണത്തിന് 50 ലക്ഷം വകയിരുത്തി. അശരണർക്ക് മരുന്നും സഹായങ്ങളും ലഭ്യമാക്കുന്ന തിനായി അഞ്ചു ലക്ഷവും വെൽനെസ് സെന്ററിന് 40 ലക്ഷവും വകയിരുത്തി.
വൃക്കരോഗം ബാധിച്ചവർക്ക് ഡയാലിസിസ് സഹായത്തിന് എട്ടു ലക്ഷം, കിടപ്പ് രോഗികൾക്കായി പാലിയേറ്റീവ് -ഏഴു ലക്ഷം, മാലാഖകൂട്ടം പദ്ധതിക്കു മൂന്നു ലക്ഷം എന്നിങ്ങനെ നീക്കിവച്ചു.
കലാകാരന്മാർക്ക്
സ്മാരകം
അടൂരിന്റെ നാമധേയം ഉയർത്തിപ്പിടിച്ച മൺമറഞ്ഞ അതുല്യ കലാകാരന്മാരായ അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം എന്നിവരുടെ ഒാർമയ്ക്കായി അടൂർ ബൈപാസ് ജംഗ്ഷനുകൾ, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ചെറിയ പച്ചതുരുത്തുകളും പാർക്കുകളും സജ്ജീകരിക്കും- 15 ലക്ഷം വകയിരുത്തി.
അന്താരാഷ്ട്ര ചലച്ചിത്രമേള- ഒരു ലക്ഷം, പട്ടികജാതി കലാകാരന്മാർക്ക് പ്രോത്സാഹനം - ആറുലക്ഷം, പ്രഫഷണൽ കോഴ്സ് പഠിക്കുന്ന പട്ടികജാതി കുട്ടികൾക്കു സഹായം- പത്തു ലക്ഷം നീക്കിവച്ചു.
വയോജന സൗഹൃദ നഗരം
ബഡ്സ് സ്കൂൾ, പകൽ വീട് നിർമാണം, പരിപാലനം- 20 ലക്ഷം, ടേക്ക് എ ബ്രേക്ക്, ഹെൽത്ത് സെന്റർ, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ- 25 ലക്ഷം, മിനികുടിവെള്ള പദ്ധതി- 15 ലക്ഷം രൂപ, പട്ടികജാതി കോളനി റോഡ് നവീകരണം- 45 ലക്ഷം രൂപ അനുവദിച്ചു.
സ്കൂളുകൾക്കു സഹായം
സർക്കാർ സ്കൂളുകളിലെ നിർമാണം 25 ലക്ഷം, നഗരസഭയിലെ വിവിധ സ്കൂളുകൾക്ക്- 80 ലക്ഷം, സർക്കാർ സ്കൂളുകളിൽ ലാപ്ടോപ്പ് വാങ്ങാൻ- ആറു ലക്ഷം, അങ്കണവാടി-ഹെൽത്ത് സെന്റർ നവീകരണം- 1.17 കോടി, നെൽകൃഷി- അഞ്ചുലക്ഷം, കൃഷിമേഖല- 47 ലക്ഷം, വനിതാ ശിശുക്ഷേമം- 55 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
അടൂരിലെ സ്റ്റേഡിയത്തിനു കിഫ്ബിയിൽനിന്നു 13 കോടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയം വികസനത്തിന് സ്ഥലമേറ്റെടുക്കൽ- അഞ്ചു ലക്ഷം വകയിരുത്തി.
നഗരസഭ മന്ദിരത്തിനു മറ്റ് ഫണ്ടുകൾക്കു പുറമേ നഗരസഭ ബജറ്റിൽ ഒരു കോടി രൂപകൂടി ഉൾപ്പെടുത്തി.