വീട്ടമ്മയെ ഇടിച്ചിട്ട് മുങ്ങിയ ബൈക്ക് യാത്രക്കാരൻ രണ്ടുമാസത്തിനുശേഷം പിടിയിൽ
1282144
Wednesday, March 29, 2023 10:37 PM IST
റാന്നി: വൺവേ തെറ്റിച്ചു ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുപോയ ബൈക്ക് യാത്രക്കാരനെ റാന്നി പോലീസ് പിടികൂടി. മലയാലപ്പുഴ ചീങ്കൽതടം ചെറാടി ചെറാടി തെക്കേചരുവിൽ സി.ആർ. രാഹുലാണ് (26) അറസ്റ്റിലായത്.
പുനലൂർ - മൂവാറ്റുപുഴ ദേശീയ പാതയിൽ ജനുവരി 31 രാവിലെ 7.58 ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. വൺവേ നിയമങ്ങൾ പാലിക്കാതെ ഓടിച്ചുവന്ന കറുത്ത ഹീറോ ഹോണ്ട സ്പ്ലെണ്ടർ മോട്ടോർ സൈക്കിൾ, ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുൻവശം റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്.
വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാനോ പോലീസിൽ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത റാന്നി എസ്ഐ ശ്രീജിത്ത് ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിൽ രാഹുൽ കുടുങ്ങുകയായിരുന്നു.
അപകടത്തിനുശേഷം ബൈക്കിൽ ചില മാറ്റങ്ങൾ വരുത്തിയ രാഹുൽ റാന്നി വഴി ജോലി സ്ഥലത്തേക്കുള്ള പിന്നീടുള്ള യാത്ര ബസിലാക്കിയിരുന്നു. സിസിടിവികളിൽനിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടർന്ന പോലീസ് വിവിധ വർക്ക് ഷോപ്പുകളിലെത്തിയും അന്വേഷണം നടത്തി. തുടർന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ കുടുക്കാനായത്.