പെൺകുട്ടിക്കുനേരെ അതിക്രമം, മർദനം; യുവാവ് അറസ്റ്റിൽ
1282615
Thursday, March 30, 2023 10:45 PM IST
മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി, 16കാരിയെ പ്രണയം നടിച്ചു ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പെട്ടി പോലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻചുവട് ശ്രീശൈലം വീട്ടിൽ വിഷ്ണു സുധീഷാ(24)ണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലിനും, മർദനത്തിനും കൈയേറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപം പലതവണയെത്തി കാണുകയും, സ്കൂൾ വാർഷികാഘോഷദിവസം ഉച്ചയ്ക്കുശേഷം ബൈക്കിലെത്തി വെണ്ണിക്കുളത്തേക്ക് കയറ്റികൊണ്ടുപോകുകയും ചെയ്തു. യാത്രയ്ക്കിടെ അതിക്രമത്തിനു ശ്രമിച്ചപ്പോൾ പെൺകുട്ടി തടഞ്ഞു. സംഭവത്തെത്തുടർന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിച്ച പെൺകുട്ടിയെ അടുത്ത ദിവസം കോട്ടാങ്ങൽ കൊച്ചെരെപ്പ് റോഡിൽ തടഞ്ഞുനിർത്തി മർദിച്ചതായി പറയുന്നു. തുടർന്ന്, മാതാവിനോപ്പം പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എസ്ഐ പി.കെ. പ്രഭയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വിഷ്ണു സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.