ഹരിതകർമസേനയെ അടിപൊളിയാക്കും
1283205
Saturday, April 1, 2023 10:46 PM IST
പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകർമസേനയെ സജീവമാക്കി മാലിന്യശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ. നിർമല ജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് മാലിന്യ ശേഖരണ നീക്കങ്ങൾ സജീവമാക്കുന്നത്.
ഹരിതകർമസേനയുടെ പ്രാധാന്യം വ്യക്തമാക്കാൻ ജില്ലാ കളക്ടർ തന്നെ അവർക്കൊപ്പം വീടുകളിലെത്തിയത് വേറിട്ട കാഴ്ചയായി.
മാലിന്യ സംസ്കരണം കേന്ദ്രീകൃതവും ശാസ്ത്രീയവുമാക്കുന്നതിന്റെ ഭാഗമായാണ് ഹരിതകർമ സേനയെ നിയോഗിച്ചിരിക്കുന്നത്. ഖരമാലിന്യ സംസ്കരണരംഗത്തു നിര്‍ണായക സാന്നിധ്യമായി ഹരിതകർമ സേനയെ മാറ്റുകയാണ് ലക്ഷ്യം. ഉറവിടത്തില്‍ തരംതിരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കല്‍ എന്നീ സേവനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് തദ്ദേശസ്ഥാപനമാണ്.
യൂസർഫീ
വസ്തു നികുതിക്കൊപ്പം
ഹരിതകർമസേനയ്ക്കുള്ള യൂസർഫീ കുടിശിക വസ്തുനികുതിക്കൊപ്പം ചേർത്ത് ഈടാക്കാൻ സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷം അടയ്ക്കേണ്ടിവരുന്ന 600 രൂപ പ്രതിമാസം പാഴ്വ സ്തുക്കൾ കൈമാറുന്പോൾ നൽകണം.
പാഴ്വസ്തുക്കൾ നൽകിയില്ലെങ്കിലും പുതിയ ഉത്തരവു പ്രകാരം യൂസർഫീ നൽകേണ്ടിവരും. വീഴ്ചവരുത്തിയാൽ പിഴ പതിനായിരം മുതൽ അരലക്ഷം രൂപ വരെയാകും. മാലിന്യശേഖരണത്തിനു ക്യൂ ആർ കോഡ് സംവിധാനവും നിലവിൽ വരും.
ഇ- ഓട്ടോറിക്ഷകൾ
ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമസേനയ്ക്ക് ആദ്യഘട്ടത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ അനുവദിക്കും. വീടുകളിലെത്തി മാലിന്യം ശേഖരിച്ചു മിനി എംസിഎഫുകളിലും എംസിഎഫുകളിലും എത്തിക്കാനാണ് ഓട്ടോറിക്ഷ.
വീടുകളിലെ മാലിന്യം ശേഖരിക്കാൻ നിലവിൽ ഹരിതകർമസേനയ്ക്കു വാഹന സൗകര്യമില്ല. വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനു ചെലവ് കൂടുന്നുവെന്നു കണ്ടതോടെയാണ് ജില്ലാ പഞ്ചായത്ത് ചുമതലയിൽ ഓട്ടോറിക്ഷ വാങ്ങാൻ തീരുമാനിച്ചത്.
4.48 ലക്ഷം രൂപ വിലയുള്ള ഓട്ടോറിക്ഷ നിർമാണ കന്പനിയുമായി ജില്ലാ പഞ്ചായത്ത് 4.15 ലക്ഷം രൂപയ്ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള ധാരണാപത്രമായി. എല്ലാ പഞ്ചായത്തുകളിലും അടുത്ത പദ്ധതി മുഖേന ഇ-ഓട്ടോറിക്ഷകൾ നൽകാനും ജില്ലാ പഞ്ചായത്തിനു പദ്ധതിയുണ്ട്.