കോട്ടയം: എംബിബിഎസ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ കെ.പി. പുന്നൂസി(80)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനില്‍ നിന്നു മകള്‍ക്ക് ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലില്‍ സ്പോട്ട് അഡ്മിഷനില്‍ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാള്‍ പറഞ്ഞതിന് പ്രകാരം മധ്യവയസ്കന് പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചുകൊടുത്തു. എന്നാല്‍ പുന്നൂസ് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.