മൈലപ്ര ബാങ്ക് ക്രമക്കേട് അന്വേഷണം കൂടുതൽ പേരിലേക്ക്
1335224
Wednesday, September 13, 2023 12:37 AM IST
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. ഇതു സംബന്ധമായ വിവരങ്ങൾ സെക്രട്ടറിയിൽ നിന്നു തേടാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതിയും നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതന്പ് വാങ്ങിയതുമായി ബന്ധപ്പെട്ട 3.94 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ സംഘത്തിന്റെ മുന്പിലുള്ളത്. ഈ കേസിൽ ഒന്നാം പ്രതിയാണ് ബാങ്കിന്റെ മുൻ സെക്രട്ടറിയും ഫാക്ടറിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോഷ്വാ മാത്യു.
ബാങ്കിന്റെ സഹോദര സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചുവന്ന ഫാക്ടറിയിലേക്കു ബാങ്കിലെ പണം ഉപയോഗപ്പെടുത്തിയതായി സഹകരണ വകുപ്പ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 86.12 കോടി രൂപയുടെ മറ്റൊരു കേസ് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിച്ച് എഫ്ഐആർ ഇട്ടിട്ടുണ്ട്. ഈ കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതോടെ തട്ടിപ്പിൽ കൂടുതൽ പേർ അറസ്റ്റിലാകും. രണ്ടാമത്തെ കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ നിലവിൽ പ്രതി ചേർത്തിട്ടുണ്ട്.
ബാങ്കിന്റെ പിരിച്ചുവിടപ്പെട്ട ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന. ബിനാമി ഇടപാടുകൾ സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങൾ മുൻ സെക്രട്ടറിയിൽ നിന്ന് അന്വേഷണസംഘം തേടും.
ഉന്നത ഇടപെടൽ
ഹൈക്കോടതി നേരിട്ട് ഇടപെട്ട കേസിൽ ബാങ്ക് മുൻ സെക്രട്ടറിയുടെ അറസ്റ്റ് വൈകിച്ചത് ഉന്നത ഇടപെടലിൽ. രാഷ്ട്രീയ ഇടപെടൽ അന്വേഷണസംഘത്തിനു മേൽ ശക്തമായി ഉണ്ടായിരുന്നു. അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങാൻ ജോഷ്വാ മാത്യു തയാറായിരുന്നില്ല.
ഹൈക്കോടതി നിർദേശമുണ്ടായിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് അറസ്റ്റ് വൈകിക്കാനാണ് ശ്രമമുണ്ടായത്.ഇന്നലെ രാവിലെ 11ഓടെ അഞ്ചക്കാലയിലെ വീട്ടിൽ അന്വേഷണസംഘം എത്തുന്പോൾ ജോഷ്വാ മാത്യു അവിടെയുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയ ജോഷ്വാ മാത്യുവിനോട് ഓഗസ്റ്റ് ഒന്നിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്ന ഹൈക്കോടതി നിർദേശം. പിതാവിന്റെ മരണവും ആരോഗ്യപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി കോടതി ജോഷ്വാ മാത്യൂവിന് കഴിഞ്ഞ ഏഴുവരെ സമയം അനുവദിച്ചു. എന്നാൽ, അന്നും ഹാജരായില്ല.
ഹാജരാകാൻ മൂന്നാഴ്ചത്തേക്കുകൂടി സമയം നീട്ടി നൽകി. അറസ്റ്റ് ചെയ്യുമ്പോൾ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഇതനുസരിച്ച് ഇന്ന് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും.
പ്രാഥമികമായ അന്വേഷണത്തിൽ തന്നെ ബാങ്കും ഗോതന്പ് ഫാക്ടറിയുമായി ബന്ധപ്പെട്ട ക്രമക്കേട് നൂറു കോടി രൂപയോളം വരുമെന്നു കണ്ടതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ റഹിമിന്റെ നേതൃത്വത്തിൽ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ജോഷ്വാ മാത്യുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. നിക്ഷേപ തുക നൽകിയില്ല എന്നതിന്റെ പേരിൽ മറ്റൊരു കേസും ജോഷ്വാ മാത്യു, ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവർക്കെതിരേ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിനാമി ഇടപാടുകൾ
കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് മൈലപ്ര സഹകരണ ബാങ്കിലും അരങ്ങേറിയതെന്ന് പ്രാഥമിക വിലയിരുത്തലിൽ വ്യക്തം. ബിനാമി പേരിൽ വായ്പ നൽകിയും പുറത്തുള്ള മറ്റു സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയും ചതുപ്പുനിലങ്ങളുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ചുള്ള വായ്പയുമാണ് നടന്നിട്ടുള്ളത്. വായ്പ വാങ്ങിയവരിൽ നല്ലൊരു വിഭാഗം ബാങ്കിന്റെ അധികാര പരിധിക്കു പുറത്തുള്ളവരാണ്.
അനുബന്ധ സ്ഥാപമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് (അമൃത ഉത്പന്നങ്ങൾ) സാധനങ്ങൾ നടത്തിയ വകയിലും കോടികളുടെ അഴിമതി നടന്നു. ബാങ്ക് നല്കിയ വായ്പകളില്‍ മുതലും പലിശയുമായി തിരികെ കിട്ടാനുള്ളത് നൂറു കോടിയോളം രൂപയാണ്. നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
70 കോടിയോളം രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. മുതലും പലിശയും കണക്കാക്കുമ്പോള്‍ തിരികെ ലഭിക്കാനുള്ളത് 100 കോടി കവിയും. കോന്നി ജോയിന്റ് രജിസ്ട്രാറുടെ പരാതിയില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ പറയുന്നത് 89 ബിനാമി വായ്പകളുണ്ടെന്നാണ്.
ഇതില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന പലര്‍ക്കും കോടിക്കണക്കിന് രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരേ വസ്തു ഈടായി കണിച്ചു കൊണ്ട് ഒന്നിലധികം പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.
മൈഫുഡ് റോളര്‍ ഫാക്ടറി, അവിടെയുള്ള വാഹനങ്ങള്‍, അഴൂര്‍, കുമ്പളാംപൊയ്ക എന്നിവിടങ്ങിലെ ഭൂമി, മണ്ണാറക്കുളഞ്ഞി, ശാന്തിനഗര്‍ ബ്രാഞ്ചുകള്‍ എന്നിവയുടെ മൂല്യനിര്‍ണയം നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തയാറെടുക്കുകയാണ്.
നഷ്ടം വന്ന തുക മുന്‍ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതിയംഗങ്ങള്‍ എന്നിവരില്‍ നിന്ന് ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സെക്രട്ടറി സർവീസിൽ നിന്നു വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്പോഴാണ് തട്ടിപ്പ് വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്. ഇതോടെ അദ്ദേഹത്തിനെതിരേ ഭരണസമിതിക്ക് നടപടിയെടുക്കേണ്ടിവന്നു. അന്നു മുതൽ നിക്ഷേപകർ പണത്തിനായി നിത്യവും ബാങ്കിലെത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരാണ് ഇവരിലേറെയും.
സാമ്പത്തിക ക്രമക്കേടുകൾ ബോധ്യപ്പെട്ട് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടത് കഴിഞ്ഞ മാസമാണ്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് ചുമതല നല്‍കിയിട്ടുള്ളത്.
യഥാർഥ വിവരങ്ങൾ
മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറിയെ ഇപ്പോൾ അറസ്റ്റ് ചെയ്ത കേസ് 3.94 കോടി രൂപയുടേത് മാത്രമാണെന്നും ഇത് അനുബന്ധ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും പരാതിക്കാരനായ മുൻ ഡയറക്ടർ ബോർഡംഗം ഗീവർഗീസ് തറയിൽ.
നൂറുകോടി രൂപയിലധികമുള്ള ക്രമക്കേടാണ് ബാങ്കുമായി ബന്ധപ്പെട്ടുള്ളത്. പോലീസ് അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയ കേസുകൾ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറാത്തത് ദുരൂഹമാണ്. ബാങ്കുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ പൂർണമായി പുറത്തെത്തിക്കണം.
തട്ടിപ്പിൽ മുൻ സെക്രട്ടറി മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധമുള്ള മുഴുവൻ പേരെയും നിയമത്തിന്റെ മുന്പിൽ കൊണ്ടുവരണമെന്നും സാധാരണക്കാരായ നിക്ഷേപകർക്ക് പണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുകയോ മരവിപ്പിക്കുകയോ ചെയ്താൽ ഇഡിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിൽ സഹകരണ വകുപ്പ് ആദ്യ അന്വേഷണം നടത്തുന്നത് ഗീവർഗീസ് തറയിൽ നൽകിയ പരാതികളിലാണ്.