ജോ​ഷ്വാ മാ​ത്യു​വി​ന്‍റെ ബ​ന്ധു​വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന
Saturday, September 23, 2023 10:54 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള മു​ന്‍ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു​വി​ന്‍റെ ബ​ന്ധു​വീ​ടു​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ഞ്ചി​ട​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എ. അ​ബ്ദു​ള്‍ റ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ക​ളു​ടെ ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ന്നു.

ബാ​ങ്കി​ല്‍ നി​ന്ന് ക്ര​മ​ക്കേ​ട് ന​ട​ത്തി കൈ​ക്ക​ലാ​ക്കി​യ പ​ണം ജോ​ഷ്വാ ബ​ന്ധു​ക്ക​ളെ ബി​നാ​മി​ക​ളാ​ക്കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ച്ചു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് പ​റ​യു​ന്നു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ വ​സ്തു വാ​ങ്ങി​ക്കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ജോ​ഷ്വാ​യു​മാ​യി ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​ക്കും.