നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു
1339464
Saturday, September 30, 2023 11:06 PM IST
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിന്. സിപിഎമ്മിലെ എം.ജി. രവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിലെ കെ.പി. പുന്നൂസ് അവിശ്വാസത്തിലൂടെ പുറത്തായതിനെത്തുടർന്ന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫിന് അനുകൂല സാഹചര്യമുണ്ടായത്.
മുൻ പ്രസിഡന്റ് കെ.പി. പുന്നൂസ് വോട്ട് ചെയ്യാനെത്തിയില്ല. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് ഇന്നലെ ഏഴു പേരുടെ പിന്തുണ ലഭിച്ചു. യുഡിഎഫിനെ അഞ്ച് മെംബർമാർ പിന്തുണച്ചു.
നേരത്തെ യുഡിഎഫിനെ പിന്തുണച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണ ഇത്തവണ എൽഡിഎഫിനു ലഭിച്ചു. നിലവിലെ വൈസ് പ്രസിഡന്റും സ്വതന്ത്രയുമായ അന്നമ്മ ജോർജ് ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചു.