റാന്നി: സുസ്ഥിര വികാസത്തിന്റെ അളവുകോല്‍ ശുചിത്വവും ശാസ്ത്രീയ മാലിന്യ സംസ്കരണവുമാണെന്നും ആയതില്‍ നമ്മുടെ നാട് എ പ്ലസ് നേടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്.
മാലിന്യമുക്തം നവകേരള പരിപാടിയുടെ ഭാഗമായി ഹരിത കര്‍മസേനയുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവരെ അനുമോദിക്കാന്‍ ക്ലീന്‍ കേരള കമ്പനി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതി ആസൂത്രണ സമതി വൈസ് ചെയര്മാന് ആര്. അജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ അനൂപ്, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍, ഉമാദേവി എന്നിവര്‍ പ്രസംഗിച്ചു.കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും നല്കി. ഹരിത കര്‍മസേനാംഗങ്ങളുടെ കലാപരിപാടികളും നടന്നു.