തങ്കച്ചന്റെ പരിശീലനത്തിൽ മികവുകാട്ടി കുട്ടികൾ
1459649
Tuesday, October 8, 2024 6:30 AM IST
കൊടുമൺ: മികച്ച കായികതാരങ്ങളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് മഞ്ഞനിക്കര ഒരികൊമ്പിൽ തങ്കച്ചൻ. വ്യോമസേനയിൽനിന്നു വിരമിച്ചു നാട്ടിലെത്തിയശേഷമാണ് അദ്ദേഹം കുട്ടികൾക്കു കായിക പരിശീലനം നൽകിത്തുടങ്ങിയത്. പ്രതിഫലം മോഹിക്കാതെ കുട്ടികളെ നല്ല കായികതാരങ്ങളായി വളർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അന്പതോളം കുട്ടികൾ ഇന്നിപ്പോൾ തങ്കച്ചനു കീഴിൽ പരിശീലനം നേടുന്നുണ്ട്.
മഞ്ഞനിക്കര പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. വ്യോമസേനയിൽ വർഷങ്ങളോളം ബാസ്കറ്റ്ബാൾ കളിക്കാരനായിരുന്നു തങ്കച്ചൻ. നാട്ടിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് രണ്ടര വർഷമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് പരിശീലനം. ഹർഡിൽസ്, ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്, അത്ലറ്റിക്സ്, ഗെയിംസ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.
ഇത്തവണ ജില്ലാ ജൂണിയർ മീറ്റിൽ പ്രതിഭ ക്ലബിൽനിന്നും പതിനെട്ടോളം കായികതാരങ്ങളാണ് പങ്കെടുത്തത്. ഇതിൽ അണ്ടർ 16 വിഭാഗം ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം ലഭിച്ച അലൻ വിൻസെന്റിനെ പരിശീലിപ്പിച്ചതും തങ്കച്ചനാണ്.
കഴിഞ്ഞ വർഷം ജൂണിയർ മീറ്റിലും സ്കൂൾ കായികമേളയിലും ജില്ലാ, സംസ്ഥാനതലങ്ങളിൽ തങ്കച്ചനു കീഴിൽ പരിശീലനം നേടിയ നിരവധി കുട്ടികൾക്ക് തിളങ്ങാനായി. സെബി മഞ്ഞനിക്കരയാണ് ക്ലബിന്റെ രക്ഷാധികാരി.