പത്തനംതിട്ട ബേസിക് ക്ലബിന് ചാന്പ്യൻഷിപ്
1459650
Tuesday, October 8, 2024 6:30 AM IST
കൊടുമൺ: പത്തനംതിട്ട ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ സമാപിച്ചു. 190 പോയിന്റുമായി പത്തനംതിട്ട ബേസിക്സ് അത്ലറ്റിക്സ് ക്ലബ് ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. 80 പോയന്റുമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. 41 പോയിന്റുമായി വെൺകുറിഞ്ഞി എസ്എൻഡിപിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ, കോളജുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽനിന്നും താരങ്ങൾ എത്തിയിരുന്നു. 14 മുതൽ 20 വയുവരെയുള്ളവരെ നാല് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. എണ്ണൂറോളം കായികതാരങ്ങളാണ് പങ്കെടുത്തത്. കൊടുമൺ എസ്ഐ വിപിൻ കുമാർ സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എസ്. മോഹനൻ നായർ അധ്യക്ഷത വഹിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർക്ക് 10 മുതൽ 12 വരെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
ഹാട്രിക് വിജയം
ജൂണിയർ അത്ലറ്റിക് ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനവുമായി പത്തനംതിട്ട ബേസിക്സ് അത്ലറ്റിക് ക്ലബ്. തുടർച്ചയായ മൂന്നാം തവണയും ബേസിക്സ് അത്ലറ്റിക് ക്ലബിനാണ് വിജയം. ക്ലബ് രൂപികരിച്ചിട്ട് മൂന്നു വർഷമേ ആകുന്നുളളുവെങ്കിലും ശ്രദ്ധേയ പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിലും കാഴ്ചവച്ചത്. ഇത്തവണ 190 പോയിന്റുമായാണ് ക്ലബ് ഓവറോൾ ചാമ്പ്യഷിപ്പ് നേടിയത്. കഴിഞ്ഞതവണയും ഒന്നാമതായിരുന്നു.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം കേന്ദ്രമായാണ് ക്ലബ് പ്രവർത്തിക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിൽ പണികൾ നടക്കുന്നതിനാൽ കൊടുമൺ സ്റ്റേഡിയത്തിലാണ് ഇപ്പോഴത്തെ പരിശീലനം.
50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട മാർത്തോമ്മ, പത്തനംതിട്ട, തൈക്കാവ് ഗവൺമെന്റ്, അടൂർ സെന്റ് മേരീസ്, കോന്നി റിപ്പബ്ലിക്കൻ എന്നീ സ്കൂളുകളിലെ കുട്ടികളാണ് ബേസിക് അത്ലറ്റിക്സ് ക്ലബിന് കീഴിൽ ഇപ്പോൾ പരിശീലിക്കുന്നത്. റെജിൻ മാത്യു ഏബ്രഹാമാണ് പ്രധാന പരിശീലകൻ. ക്ലബിന്റെ പ്രസിഡന്റ് റോബിൻ വിളവിനാലും സെക്രട്ടറി റെജിൻ മാത്യു ഏബ്രഹാമുമാണ്.
സ്കൂൾ കായികമേളയും കൊടുമണ്ണിൽ
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ കായികമേള 22, 23, 24 തീയതികളിൽ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. 15ന് മുമ്പ് ഉപജില്ലാ മത്സരം പൂർത്തിയാകും. കഴിഞ്ഞ തവണയും കൊടുമൺ സ്റ്റേഡിയത്തിലാണ് റവന്യു ജില്ലാ മത്സരം നടന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വേദി മാറ്റേണ്ടി വന്നത്.
തിരുവല്ല പബ്ലിക് സ്റ്റേഡിയവും ഉപയോഗ യോഗ്യമല്ലാതായതോടെ കൊടുമൺ സ്റ്റേഡിയം മാത്രമേ നിലവിൽ കായിക മത്സരങ്ങൾക്ക് അനുയോജ്യമായുള്ളൂ.