മാലിന്യ സംസ്കരണം: പത്തനംതിട്ടയിൽ പുതിയ എംസിഎഫ്
1459887
Wednesday, October 9, 2024 6:12 AM IST
പത്തനംതിട്ട: ജൈവ - അജൈവ മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനവുമായി പത്തനംതിട്ട. മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൂടുതൽ ശേഷിയുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) കൂടി നഗരസഭയിൽ തുടങ്ങി.
മുനിസിപ്പൽ മാർക്കറ്റിൽ സ്ഥാപിച്ച എംസിഎഫ് കേന്ദ്രത്തിന് 2000 ചതുരശ്ര അടി സംഭരണശേഷിയാണുള്ളത്. വെയിംഗ് മെഷീനുകൾ, സോർട്ടിംഗ് ടേബിളുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
അജൈവ മാലിന്യ സംസ്കരണ രംഗത്ത് 44 അംഗങ്ങളുള്ള ഹരിതകർമസേന പ്രവർത്തിക്കുന്നു. മാലിന്യ ശേഖരണത്തിലും തരംതിരിക്കലിനുമായി മൂന്ന് എംസിഎഫുകൾ ഏഴ് മിനി എംസി എഫുകൾ എന്നിവയും നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ കേന്ദ്രത്തിലെ ഓഫീസ് സമുച്ചയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നാല് പോർട്ടബിൾ യൂണിറ്റുകൾ, കിച്ചൺ ബയോ ബിന്നുകൾ, നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമൂഴി എറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ ഉപയോഗിച്ച് ചിട്ടയായ പ്രവർത്തനങ്ങളാണ് നഗരത്തിൽ നടന്നുവരുന്നത്.
പുതിയ എംസിഎഫ് ഗാന്ധിജയന്തി ദിനത്തിൽ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് ജാസിം കുട്ടി മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ലീൻ സിറ്റി മാനേജർ വിനോദ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അനിന തുടങ്ങിയവർ പ്രസംഗിച്ചു.