ജയിൽ സൂപ്രണ്ടിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തു
1459893
Wednesday, October 9, 2024 6:29 AM IST
പത്തനംതിട്ട: ജയിൽ സൂപ്രണ്ടിന്റെ വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വധശ്രമക്കേസ് പ്രതിയെ കോന്നി പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
കൊട്ടാരക്കര ജയിൽ സൂപ്രണ്ട് കുമ്മണ്ണൂർ സ്വദേശി അബ്ദുൾ സത്താറിന്റെ വീട്ടിലായിരുന്നു വടശേരിക്കര കെട്ടിടത്തിൽ പുത്തൻവീട്ടിൽ ബിനു മാത്യു അതിക്രമിച്ചു കടന്ന് സൂപ്രണ്ടിനെതിരേ വെല്ലുവിളി നടത്തിയത്.
വധശ്രമക്കേസിൽ കോടതി ശിക്ഷിച്ച ബിനു മാത്യു കൊട്ടാരക്കര ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടയിൽ ബിനു മാത്യുവിനെ കൊട്ടാരക്കരയിൽനിന്നു കൊല്ലം ജയിലിലേക്ക് മാറ്റി. കൊട്ടാരക്കര ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് തന്നെ കൊല്ലത്തേക്ക് മാറ്റിയതെന്നും ഇതിന്റെ പ്രതികാരമായാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയതെന്നും ബിനു മാത്യു പോലീസിനോടു പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം ജാമ്യത്തിൽ വിട്ടു.