അടൂരിൽ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദസന്ദേശം പുറത്ത്
1460145
Thursday, October 10, 2024 6:02 AM IST
അടൂർ: ശസ്ത്രക്രിയയ്ക്കായി അടൂർ ജനറൽ ആശുപത്രിയിലെത്തിയ രോഗിയോടു സർജൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടു നടത്തിയ സംഭാഷണത്തിന്റെ ശബ്ദസന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് അന്വേഷണം. സംഭവത്തിൽ വിജിലൻസ് അന്വേഷണവും ആരംഭിച്ചു. പരാതിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് തയാറാക്കി. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിഎംഒയും റിപ്പോർട്ട് നൽകി.
കൈക്കൂലി സംഭവത്തിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രിയിലേക്ക് ഇന്നലെ വിവിധ യുവജന സംഘടനകൾ പ്രകടനവും നടത്തി. അടൂർ കരുവാറ്റ മാധവശേരിൽ വിജയശ്രീയാണ് പരാതിക്കാരി. സഹോദരി വിജയ ദേവിയുടെ ശസ്ത്രക്രിയ ആവശ്യത്തിലേക്ക് ഡോക്ടർ 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു സംസാരിക്കുന്ന ശബ്ദസന്ദേശം ഇവർ തന്നെയാണ് ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
സഹോദരി വിജയദേവിയുടെ പുറത്തെ തടിപ്പുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടർ വിനീതിനെ സമീപിച്ചത്. അപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സഹോദരി വിജയശ്രീ ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് രണ്ടു തവണ ശബ്ദരേഖ സഹിതം പരാതി നല്‍കിയിരുന്നു
കഴിഞ്ഞ സെപ്റ്റംബർ 16,17 തീയതികളിലാണ് വിജയാദേവി ആശുപത്രിയിലെത്തിയത്. 17ന് സര്ജന് വീനിതിനെ കണ്ടപ്പോള്‍ ടെസ്റ്റിന് കുറിക്കുകയും റിസള്‍ട്ടുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ ചെന്നപ്പോള്‍ രണ്ടു തടിപ്പ് നീക്കുന്നതിന് 12,000 രൂപ ആവശ്യപ്പെട്ടു. അടുത്ത ദിവസം സര്‍ജറിക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തലേന്ന് വിളിച്ചപ്പോഴും പണം ചോദിച്ചു. പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ വേറെ ഡോക്ടറെ കാണാന്‍ പറഞ്ഞു. ഇതിന് പ്രകാരം 24, 25 തീയതികളില്‍ ഇതേ ആശുപത്രിയിലെ ഡോക്ടറെ കാണുകയും ഒരു പൈസയും നൽകാതെ സർജറി നടത്തിയെന്നും വിജയശ്രീ പറഞ്ഞു.
സംഭവം വിവാദമായതിനു പിന്നാലെ ഇന്നലെ രാവിലെ പതതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്കു മാർച്ച് നടത്തി. മുൻ ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സൂപ്രണ്ടിന്റെ മുറിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി.
തുടര്‍ന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ഡി. സജി, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഖില്‍, മണ്ഡലം സെക്രട്ടറി അശ്വിന് ബാലാജി, ജില്ലാ ജോയിന്റ് സെക്രട്ടറി എം. മനു, ദേവദത്ത്, ശരത്ത് മലങ്കാവ്, വില്യം, തേജസ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും സമരവുമായി രംഗത്തെത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് നിഥിന് എസ്. ശിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയത്. കവാടത്തില്‍ പ്രവര്‍ത്തകരെ തടഞ്ഞതോടെ പോലിസും യുവമോര്‍ച്ച പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.
പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് സുപ്രണ്ടിന്റെ മുറിയില്‍ കടന്ന് പ്രതിഷേധിച്ചു. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. ജില്ലാ മീഡിയ കണ്‍വീനര്‍ ശരത്കുമാര്, ജില്ല സെക്രട്ടറി വൈശാഖ് വിശ്വ, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. കൃഷ്ണനുണ്ണി, ബിജെപി മണ്ഡലം സെക്രട്ടറി ഗോപന് മിത്രപുരം, അടൂര്‍ ഏരിയ പ്രസിഡന്റ് ബിജു കുമാര്‍, അനുരാജ് ഇടത്തിട്ട, ഹരിരാജ്, അനന്ദു കുമാര്‍, പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി.