മകളുടെ ആവശ്യം അംഗീകരിച്ച് അച്ഛനു ചികിത്സ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1460362
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: മകളുടെ ആവശ്യപ്രകാരം അച്ഛന് ആവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകുന്ന കാര്യം ജില്ലാ സാമൂഹിക നീതി ഓഫീസർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മകൾക്കും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കോന്നി എസ്എച്ച്ഒയെ സമീപിക്കാമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകി. കോന്നി സ്വദേശിനിയുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
എംഎസ് സി വിദ്യാർഥിനിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. അച്ഛൻ നിരന്തരം വഴക്കുണ്ടാക്കുകയാണെന്നും അമ്മയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പഞ്ചായത്ത് മെംബറും നാട്ടുകാരും തങ്ങൾക്കെതിരേ പോലീസിൽ പരാതി നൽകിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കോന്നി എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ പിതാവ് സ്വമേധയാ ചികിത്സയ്ക്ക് വിധേയനായെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പറയുന്നു. എന്നാൽ അച്ഛൻ ഇപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.