നെൽകൃഷിയിൽ പ്രതീക്ഷ അർപ്പിച്ച് വള്ളിക്കോട്, ഓമല്ലൂർ പാടശേഖരങ്ങൾ
1460662
Saturday, October 12, 2024 2:17 AM IST
പത്തനംതിട്ട: വള്ളിക്കോട് പാടശേഖരങ്ങളിൽ നെല്ലുകൊണ്ട് പൊന്നുവിളയിക്കാൻ കർഷകർ വിതയൊരുക്കം തുടങ്ങി. പ്രതികൂല കാലാവസ്ഥകളെ അവഗണിച്ച് ഇത്തവണ വേട്ടക്കുളം പാടശേഖരത്തിലാണ് പ്രതീക്ഷയുടെ ആദ്യവിത്തെറിഞ്ഞത്. മുൻ വർഷങ്ങളിൽ രണ്ടുതവണ കൃഷിയിറക്കിയിരുന്ന പാടശേഖരമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളുംമൂലം ഇത് ഒറ്റത്തവണയായി ചുരുങ്ങി.
വേട്ടക്കുളത്തെ 30 ഹെക്ടർ പാടശേഖരത്തിൽ 90 ൽപരം കർഷകരാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും കർഷകന്റെ കരളുറപ്പിലാണ് ഇത്തവണയും രണ്ടും കല്പിച്ച് ഇവർ കൃഷി ഇറക്കുന്നത്. മുൻ വർഷങ്ങളിൽ കാലം തെറ്റിയെത്തിയ മഴയും കത്തിയെരിഞ്ഞ വേനലും ഇവരുടെ അധ്വാനം പലതവണ തകർത്തെറിഞ്ഞിരുന്നു.
കഴിഞ്ഞ തവണയും പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി വേട്ടയാടിയെങ്കിലും മകര കൊയ്ത്തിനും മുണ്ടകൻ കൃഷിക്കും നല്ല വിളവ് ലഭിച്ചിരുന്നു.
ജില്ലയുടെ നെല്ലറ
അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന ഒന്പത് വലിയ പാടശേഖരങ്ങളുണ്ട്.
210 കർഷകരാണ് കഴിഞ്ഞ വർഷം നെൽക്കൃഷി ചെയ്തത്. 480 ടൺ നെല്ല് മകരക്കൃഷിയിൽ ഉത്പാദിപ്പിച്ചു. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലകളാണ് വള്ളിക്കോട്ടെ പ്രധാന പാടശേഖരങ്ങൾ. ഇതിൽ നാനൂറ് ഏക്കർ സ്ഥലത്താണ് ഇത്തവണ ആദ്യ കൃഷി ഇറക്കാൻ ഉദ്ദേശിക്കുന്നത്.
സപ്ലോകോയുടെ പ്രധാന നെല്ല് ശേഖരണ സ്ഥലം കൂടിയാണ് വള്ളിക്കോട് പാടശേഖരം. കഴിഞ്ഞവർഷം 400 ടൺ നെല്ല് ശേഖരിച്ചു. കർഷകർ സ്വന്തം ആവശ്യങ്ങൾക്കു മാറ്റിവച്ചശേഷമുള്ള നെല്ലാണ് സപ്ലൈകോയ്ക്കു നൽകുന്നത്.
ഓമല്ലൂരിലെ പാടശേഖരങ്ങളിലും വിത നടത്തി
ഓമല്ലൂർ: വള്ളിക്കോടിനു സമീപപ്രദേശമായ ഓമല്ലൂരിലെ പാടശേഖരങ്ങളിലും നെൽവിത്ത് വിതച്ചു തുടങ്ങി. ഓമല്ലൂർ പടിഞ്ഞാറെ മുണ്ടകൻ പാടശേഖരത്തിൽ വിത ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ അനിൽകുമാർ, ഡോ. റാം മോഹൻ, സെക്രട്ടറി കോശിക്കുഞ്ഞ്, ട്രഷറർ വർഗീസ് വർക്കി, രാജൻ ജോർജ്, ഗോപിനാഥൻ നായർ, ശ്രീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഓമല്ലൂരിലെ എല്ലാ പാടശേഖരങ്ങളും വിതയ്ക്ക് സജ്ജമായിട്ടുണ്ട്.