കോന്നി മെഡിക്കൽ കോളജിൽ മൂന്നാം ബാച്ച് വിദ്യാർഥികളുമെത്തി
1461076
Tuesday, October 15, 2024 12:08 AM IST
കോന്നി: ഗവൺമെന്റ് മെഡിക്കൽ കോളജിൽ എംബിബിഎസ് മൂന്നാമത്തെ ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 100 വിദ്യാർഥികൾക്കാണ് ഈ ബാച്ചിലും പ്രവേശനം ലഭിക്കുന്നത്. ആദ്യ അലോട്ട്മെന്റുകളിലൂടെ പ്രവേശനം നേടിയ 67 വിദ്യാർഥികളാണ് ഇന്നലെ എത്തിച്ചേർന്നത്. ഇനി രണ്ട് അലോട്ട്മെന്റുകൾ കൂടി നടക്കാനുണ്ട്. വിദ്യാർഥികളെ മെഡിക്കൽ കോളജ് കവാടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മൂന്നാമത്തെ ബാച്ചുകൂടി എത്തുന്നതോടെ പഠന സാഹചര്യങ്ങളും മെച്ചപ്പെടും. നിലവിൽ ഹോസ്റ്റലുൾപ്പെടെ വിദ്യാർഥികൾക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി പൂർണതോതിൽ സജ്ജമാകുന്നതേയുള്ളൂ.
അത്യാധുനിക പഠനോപകരണങ്ങളും പുതുതായി എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കിഫ്ബിയിൽനിന്ന് അനുവദിച്ച 352 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു നടന്നുവരികയാണ്. മെഡിക്കൽ കോളജ് റോഡിന്റെ നിർമാണോദ്ഘാടനവും കഴിഞ്ഞദിവസം നടന്നു. ഇത് അതിവേഗം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
പ്രവേശനോത്സവത്തോടനുബന്ധിച്ച യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ.എസ്. നിഷ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. ജിനോ ഏബ്രഹാം, ഡോ. പി.എസ്. സിന്ധു, ഡോ. പി. ഇന്ദു, മെൻസ് ഹോസ്റ്റൽ വാർഡൻ ഡോ. കൃഷ്ണ കുമാർ, ലേഡീസ് ഹോസ്റ്റൽ വാർഡൻ ഡോ. ബി. സജിനി, ഡോ. അൽ അമീൻ, പിടിഎ പ്രസിഡന്റ് വി.എൻ. ജനിത, കോളജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ പ്രസംഗിച്ചു.