കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്കിൽനിന്ന് വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
1265733
Tuesday, February 7, 2023 11:12 PM IST
കായംകുളം: പ്രാദേശിക ചാനലിന്റെ റോഡിൽ പൊട്ടിവീണ കേബിൾ വയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽനിന്ന് തെറിച്ചു വീണ വീട്ടമ്മയ്ക്കു ദാരുണാന്ത്യം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും ബൈക്കിൽ തിരികെ സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിൽ കായംകുളം ഇടശേരി ജംഗ്ഷനു കിഴക്കുവശമായിരുന്നു അപകടം. ഭർത്താവ് വിജയനാണ് ബൈക്ക് ഓടിച്ചത്. റോഡിൽ കുറുകെ കിടന്ന കേബിൾ വയർ ബൈക്കിനു പിന്നിലിരുന്ന ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഉഷയെ ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക കേബിൾ നെറ്റ്വർക്കിന്റെ കേബിൾ വയറുകൾ അപകടകരമായ രീതിയിൽ പ്രദേശത്തുകൂടി കടന്നുപോകുന്നതായി പരാതി വ്യാപകമാണ്. എന്നാൽ, പലപ്പോഴും ബന്ധപ്പെട്ടവരോട് നാട്ടുകാർ ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലന്നാണ് ആരോപണം. ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കുശേഷം കലാരൂപങ്ങൾ കൊണ്ടുപോയ വാഹനം തട്ടിയാണ് കേബിൾ പൊട്ടി വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു.