തോന്നുംപടി കെട്ടിപ്പൊക്കി, ഇന്ന് ഇടിച്ചുപൊളിക്കുന്നു !
1282644
Thursday, March 30, 2023 10:56 PM IST
മാന്നാർ: ദീർഘവീക്ഷണമില്ലാത്ത നിർമാണവും കെടുകാര്യസ്ഥതയും മൂലം ഖജനാവിനു നഷ്ടമാകുന്നതു കോടികൾ. മാന്നാറിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ. നിർമിച്ച ശേഷം ഈ കെട്ടിടങ്ങൾ നാമമാത്രമായ ദിനങ്ങളിൽ മാത്രമാണ് ഉപയോഗിച്ചത്. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനോടു ചേർന്നുളള പഞ്ചായത്ത് സ്ഥലങ്ങളിൽ നിർമിച്ചിരിക്കുന്ന കമ്യൂണിറ്റി ഹാൾ, വയോധികമന്ദിരം, തുറന്ന സ്റ്റേജ് എന്നിവയാണ് ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കോടികൾ ചെലവിട്ടു നിർമിച്ചവയാണ് ഇവ.
ഇങ്ങനെയും
പണിയാം!
17 വർഷം മുന്പാണ് കമ്യൂണിറ്റി ഹാൾ ഇവിടെ നിർമിച്ചത്. മാന്നാറിലെ പൊതുപരിപാടികൾ നടത്താൻ കുറഞ്ഞ വാടകയിൽ ഹാൾ നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ, നിർമാണത്തിലെ അപാകത മൂലം ശബ്ദമുഴക്കം മറ്റ് അസൗകര്യങ്ങൾ മൂലവും കമ്യൂണിറ്റി ഹാളിൽ പരിപാടികളോ യോഗങ്ങളോ നടത്താൻ ആരും തയ്യാറായില്ല.
പഞ്ചായത്തിന്റെ പരിപാടികൾ പോലും തൊട്ടടുത്തുള്ള സ്കൂൾ ഒാഡിറ്റോറിയത്തിലാണ് നടത്തിയിരുന്നത്. ഇതിനു പരിഹാരമായിട്ടാണ് ഓപ്പൺ സ്റ്റേജ് തൊട്ടടുത്തുതന്നെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചത്. അശാസ്ത്രീയമായി നിർമിച്ച ഈ സ്റ്റേജും പ്രയോജനപ്പെട്ടില്ല. പല പരിപാടികൾക്കും വേറെ താത്കാലിക സ്റ്റേജ് നിർമിച്ചാണ് പരിപാടികൾ നടത്തിയത്.
വയോധിക മന്ദിരം
ഇവയ്ക്കു സമീപമായി കൊട്ടിഘോഷിച്ചാണ് വയോധിക മന്ദിരം പണിതത്. ഈ കെട്ടിടവും ഇതിലെ സാധനങ്ങളും ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. 16 വർഷം മുമ്പു നിർമിച്ച വയോസദനത്തിൽ രണ്ടു മാസം മാത്രമാണ് പ്രവർത്തനം നടന്നത്. ഉപയോഗശൂന്യമായി കിടക്കുന്ന ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഓപ്പൺ എയർ ഓഡിറ്റോറിയം പൊളിക്കുന്നതിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയെങ്കിലും ഭരണസമിതിയുടെ ഭൂരിപക്ഷാഭിപ്രായത്തിൽ അതും പൊളിക്കാനാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ വികസന ഫണ്ടുപയോഗിച്ചു മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനു സമീപത്തു പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിനായിട്ടാണ് ഇവ പൊളിച്ചു നീക്കുന്നത്.
അങ്ങനെയെങ്കിലും
ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാനായിട്ടാണ് കമ്യൂണിറ്റി ഹാളും തുറന്ന സ്റ്റേജും നിലവിൽ ഉപയോഗിക്കുന്നത്. വയോധിക സദനം 2010ലാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടം ഉപയോഗപ്രദമല്ലെന്ന് എൻജിനിയർ സർട്ടിഫൈ ചെയ്ത ശേഷവും അതിനു മുകളിൽ ട്രസ്സ്വർക്ക് ചെയ്തും ലക്ഷങ്ങൾ പാഴാക്കി. ഇങ്ങനെ ഉപയോഗ ശൂന്യമായ രണ്ടു കെട്ടിടങ്ങൾക്കു നടുവിലാണ് കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി 2019 -20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചു തുറന്ന സ്റ്റേജ് നിർമിച്ചത്. അന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രമോദ് കണ്ണാടിശേരിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ കെട്ടിടം
കിടത്തിചികിത്സ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഗവ.ആയുർവേദ ആശുപത്രി, മികച്ച സൗകര്യങ്ങളോടെ കമ്യൂണിറ്റി ഹാൾ എന്നിവയുൾപ്പെടുന്ന ബഹുനില കെട്ടിടം പണിയാനായിട്ടാണ് ഉപയോഗപ്രദമല്ലാത്ത ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനിച്ചതെന്നു മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പറഞ്ഞു. അതേസമയം, യാതൊരു കേടുമില്ലാത്ത ബലവത്തായ ഓപ്പൺ എയർ ഓഡിറ്റോറിയം പൊളിച്ചു കളയുന്നതിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയാണെന്നും. അതു നിലനിർത്തി പുതിയ കെട്ടിട സമുച്ചയം പണിയുകയാണ് വേണ്ടതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം പറഞ്ഞു.