പഴമയുടെ പൂക്കാലവുമായി മൂലമറ്റം കോളജിൽ സ്മൃതിയോരം
1223964
Friday, September 23, 2022 10:53 PM IST
മൂലമറ്റം: പഴയകാല ഓർമകളുടെ പുനരാവിഷ്കാരവുമായി മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ ഒരുക്കിയ സ്മൃതിയോരം വേറിട്ട അനുഭവമായി.
ലോക ആൽസ്ഹൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായാണ് സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിച്ചത്.
ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള തെറാപ്പിയാണ് റെമിനിസെൻസ് കോർണർ.
പുതുതലമുറയ്ക്ക് അന്യമാകുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുക, ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പഴയകാലത്തെ ചായക്കട, ബസ് സ്റ്റോപ്പ്, മാർക്കറ്റ്, സിനിമ ടാക്കീസ് എന്നിവ ഉൾപ്പെടുത്തിയാണ് കോർണർ ഒരുക്കിയത്.
നാടൻ വിഭവങ്ങൾകൊണ്ട് രുചിവൈവിധ്യം തീർത്ത ഭക്ഷണശാലയും തയാറാക്കിയിരുന്നു.
കോളജ് മാനേജർ റവ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ, പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, ബർസാർ ഫാ. ജോമോൻ കൊട്ടാരത്തിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. മാത്യു കണമല, അധ്യാപകരായ ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, മാർട്ടിൻ തോട്ടച്ചമാലിൽ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ജോസിമോൻ ജോയി, ശ്വേത ജോയി എന്നിവർ നേതൃത്വം നൽകി.