കാപ്പിത്തോട്ടം തേയിലത്തോട്ടമായപ്പോൾ
1226014
Thursday, September 29, 2022 10:44 PM IST
തെക്കേ ഇന്ത്യയുടെ മിനിപ്പകർപ്പാണ് ഇടുക്കി. ഇന്നത്തെ ഇടുക്കി ജില്ലയിൽ 150 വർഷം മുന്പുണ്ടായ വിദേശ മിഷനറിമാരുടെ ആഗമനമാണ് ആധുനിക കുടിയേറ്റത്തിന്റെ തുടക്കം. വിദേശീയർ തോട്ടം വ്യവസായത്തിനായി ഹിമാലയം സാനുക്കൾ തെരഞ്ഞെടുത്തപ്പോൾ തുടങ്ങിയ കുടിയേറ്റത്തിന് ആക്കംകൂട്ടിയത് തോട്ടം തൊഴിലാളികളായി എത്തിച്ച തമിഴ് വംശജരുടെ കുടിയിരുത്തലാണ്. രാജഭരണകാലത്ത് 1880കളിൽ ഏലം കൃഷിക്കായി ഹൈറേഞ്ചിൽ ഭൂമി തമിഴ് കർഷകർക്കായി പതിച്ചുനൽകിയതാണ് കുടിയേറ്റത്തിന്റെ മറ്റൊരു ഘട്ടം. അവിടെയും തൊഴിലാളികളായി എത്തിയതു തമിഴ്നാട്ടിൽനിന്നുള്ളവരായിരുന്നു. പാണ്ഡിരാജ്യത്തെ ടിപ്പുവിന്റെ പടയോട്ടക്കാലത്തു പ്രാണരക്ഷാർഥം നാടുവിട്ടോടിയവരും ചേക്കേറിയത് ഇന്നത്തെ ഇടുക്കിയിലായിരുന്നു. (മൂന്നാർ, കാന്തല്ലൂർ, വട്ടവട തുടങ്ങിയ അഞ്ചുനാട് പ്രദേശങ്ങൾ).
തേയിലത്തോട്ടങ്ങൾ
വിദേശീയർ മലമുളിൽ തോട്ടങ്ങൾക്കു തുടക്കമിട്ടത് ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു. കാപ്പിയായിരുന്നു അവർ ആദ്യം പരീക്ഷിച്ചത്. കാപ്പിയിൽ അത്ര നേട്ടം ഉണ്ടാകുന്നില്ലെന്നു കണ്ടപ്പോൾ തേയിലയിലേക്കു മാറി. ആ തേയിലത്തോട്ടങ്ങളാണ് ഇന്നും ഇടുക്കിയുടെ ജീവൻ.
മൂന്നാറിലും ദേവികുളത്തും പീരുമേട്ടിലും അവർ നട്ട തേയിലയുടെ കൊളുന്താണ് ഇന്നും നുള്ളിയെടുത്തു ലോകരാജ്യങ്ങൾ പലതും സ്വാദോടെ നുകരുന്നത്. അവിടെയല്ലാം തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികളും എത്തിയപ്പോൾ ഈ പ്രദേശങ്ങൾക്കെല്ലാം തമിഴ്നാടിന്റെ രൂപവും ഭാവവും വന്നു.
അന്നു സ്ഥാപിക്കപ്പെട്ട ലയങ്ങളിലാണ് ഇന്നും തൊഴിലാളികൾ ഉറങ്ങുന്നത്.
ഏലത്തിന്റെ
സുഗന്ധം
വണ്ടന്മേടും ഉടുന്പൻചോലയും നിറഞ്ഞുനിൽക്കുന്ന ഏലക്കാടുകളുടെ ആവിർഭാവം രാജഭരണത്തിന്റെ സംഭാവനയാണ്. ഏലം രാജാവിന്റെ സ്വത്തായിരുന്നു. തമിഴ്നാട്ടുകാരായ കർഷകർക്കു കൃഷിചെയ്യാൻ സ്ഥലം അനുവദിച്ചതു രാജാവിനു പാട്ടം നൽകണമെന്ന വ്യവസ്ഥയിലായിരുന്നു. ഏലക്കാടുകൾ എന്ന വാക്കിലെ കാടിനു വനവുമായി യാതൊരു ബന്ധവുമില്ല. മരങ്ങളുടെ തണലിൽ വളരാൻ കഴിയുന്ന സസ്യം (വാഴച്ചെടി) എന്ന നിലയിൽ മരങ്ങളുടെ ചുവട്ടിൽ ഏലം കൃഷിചെയ്തിരുന്നതിനാൽ ഏലക്കാട് എന്ന പേരുണ്ടായി എന്നു മാത്രം.
അഞ്ചുനാടിന്റെ
കഥ
മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന മേഖലയാണ് അഞ്ചുനാട് എന്നറിയപ്പെടുന്നത്. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നീ ഗ്രാമങ്ങൾ ചേർന്നതാണ് അഞ്ചുനാട്. കൊട്ടക്കുടി എന്ന ഗ്രാമം തമിഴ്നാട്ടിലാണ് ഇപ്പോഴുള്ളത്.
പൊതുസമൂഹത്തിൽനിന്നു വ്യത്യസ്തമായി അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളും പാലിച്ചുപോരുന്ന ജീവിതരീതിയായിരുന്നു അഞ്ചുനാട്ടുകാരുടേത്. പുതിയ കാലഘട്ടത്തോടൊപ്പം ജീവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഊരുവിലക്കും മറ്റ് ആചാരങ്ങളും അപൂർവമായി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്.