പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്തു
1226296
Friday, September 30, 2022 10:40 PM IST
തൊടുപുഴ: കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തൊടുപുഴ കുമ്മംകല്ലിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസും നെടുങ്കണ്ടം തൂക്കുപാലത്തെ ഏരിയാ കമ്മിറ്റി ഓഫീസും എൻഐഎ നോട്ടീസ് പതിപ്പിച്ച് സീൽ ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കുമ്മംകല്ലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് എൻഐഎ ഉദ്യോഗസ്ഥൻ എം.എസ്. ജയൻ, തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു, സിഐ വി.സി. വിഷ്ണുകുമാർ, തഹസിൽദാർ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നോട്ടീസ് പതിച്ചത്. നോട്ടീസിന്റെ പകർപ്പ് കെട്ടിട ഉടമയ്ക്കും കൈമാറി. തുടർന്ന് രാത്രി എട്ടരയോടെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓഫീസ് പോലീസും റവന്യൂ അധികൃതരും ചേർന്ന് സീൽ ചെയ്തു.
കേസ് തീരുംവരെ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി ഉപയോഗിക്കാനോ വിൽക്കാനോ വാടകയ്ക്ക് നൽകാനോ പാടില്ലെന്ന് നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. 22ന് പുലർച്ചെ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ തൊടുപുഴ ജില്ലാ കമ്മിറ്റി ഓഫീസുമുൾപ്പെട്ടിരുന്നു.
നെടുങ്കണ്ടം: പോപ്പുലര്‍ ഫ്രണ്ടിന്റെ തൂക്കുപാലത്തെ ഓഫീസില്‍ പോലീസും റവന്യൂ അധികൃതരും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഓഫീസിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായാണ് സൂചന.
ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്ത ഫോട്ടോകള്‍ ഉള്‍പ്പടെ കണ്ടെടുത്തിട്ടുണ്ട്. നിരവധി തലയണകളും ഓഫീസിനുള്ളില്നിന്നു കണ്ടെത്തി. മൂന്ന് മുറികളുള്ള ഓഫീസിന്റെ താഴ് തകര്‍ത്താണ് പോലീസ് കെട്ടിടത്തില്‍ പ്രവേശിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് ഓഫീസിരിക്കുന്ന സ്ഥലം. 17 സെന്റ് സ്ഥലം 2016ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റര്‍ വീടിനുള്ള പെര്‍മിറ്റിലാണ് ഓഫീസ് കെട്ടിടവും ഓഡിറ്റോറിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ജില്ലാ പോലിസ് മേധാവിക്ക് കൈമാറും.
ഇന്ന് എന്‍ഐഎ സംഘം ഓഫീസ് പരിശോധിക്കുമെന്നു സൂചനയുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് തൊടുപുഴയിലും തൂക്കുപാലത്തുമാണ് ജില്ലയില്‍ ഓഫീസുകള്‍ ഉള്ളത്.