ഭൂനിയമം: യുഡിഎഫ് ജില്ലാ ഹർത്താൽ 28ന്
1243161
Friday, November 25, 2022 10:11 PM IST
കട്ടപ്പന: ഭൂനിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ ബഫർ സോണ്‍ എന്ന യുഡിഎഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് 28ന് നടത്തുന്ന ഹർത്താൽ ഇടതുപക്ഷ ഗവണ്മെന്റിന്റെ ഇടുക്കിയിലെ ജനങ്ങളോടുള്ള വിശ്വാസവഞ്ചനയ്ക്കും വിവേചനത്തിനും എതിരേയുള്ള താക്കീതാകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്‍വീനർ പ്രഫ. എം. ജെ. ജേക്കബും അറിയിച്ചു.
22.08.2019ലെ ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലെ കെട്ടിട നിർമാണം നിരോധിച്ച ഗവണ്മെന്റ് ഉത്തരവ് പിന്നീട് ജില്ലയ്ക്ക് മുഴുവൻ ബാധകമാക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങൾ സർക്കാർ തടഞ്ഞിരിക്കുകയാണ്. 1964ലെയും 1993ലെയും ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള 17.12.2019ലെ മുഖ്യമന്ത്രിയുടെ ഉറപ്പ് മൂന്നുവർഷം പിന്നിടുന്പോഴും വെറും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്.
നിയമങ്ങൾ ഉണ്ടാക്കിയത് കോണ്‍ഗ്രസ് ഗവണ്മെന്റ് ആയതുകൊണ്ട് കോണ്‍ഗ്രസാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന ഇടതുപക്ഷ വാദം ബാലിശമാണ്. കോണ്‍ഗ്രസ് രൂപകല്പന ചെയ്ത ഭരണഘടനപോലും കാലാനുസൃതമായി 108 പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്.
അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റ് കാലാകാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതുമൂലം ജില്ലയിൽ ഉണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് തലയൂരാൻ ഗവണ്മെന്റിനെ ജനങ്ങൾ അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
28ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിനോട് എല്ലാവരും സഹകരിക്കണമെന്ന് നേതാക്കന്മാർ അറിയിച്ചു. ശബരിമല തീർഥാടകർ, വിവാഹം, പാൽ വിതരണം, പത്രം എന്നിവയെ ഹർത്താലിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്.