ഉപ്പുതറയിൽ 44 പന്നികൾ ചത്തു; കർഷകർ ആശങ്കയിൽ
1244532
Wednesday, November 30, 2022 10:11 PM IST
ഉപ്പുതറ: ഉപ്പുതറയിൽ ഒന്നര ആഴ്ചയ്ക്കുള്ളിൽ 44 പന്നികൾ ചത്തു. ഒൻപതേക്കർ പുളിക്ക മണ്ഡപത്തിൽ പി.എം. ജയിംസിന്റെ 35ഉം ആശുപത്രിപ്പടി ചെറുകുന്നേൽ ജിബു ജോസഫിന്റെ ഒൻപതും പന്നികളാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചത്തത്. മൂത്രത്തിനു കടും മഞ്ഞ നിറവും ദുർഗന്ധവും ഒഴിച്ചാൽ പ്രത്യേക രോഗലക്ഷണങ്ങൾ ഒന്നും പന്നികൾക്ക് ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിത്തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചത്തുവീഴുകയായിരുന്നു.
കഴിഞ്ഞ 16നാണ് ഇരുവരുടെയും ഓരോ പന്നികൾക്ക് ക്ഷീണം ഉണ്ടായത്. ഉടൻതന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. ഡോക്ടർ എത്തി രക്തസാന്പിൾ ശേഖരിച്ചു. 17 മുതൽ പന്നികൾ ചത്തുതുടങ്ങി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി ആന്തരീകാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
നൂറിലധികം കിലോ തൂക്കമുള്ള പന്നികളാണ് ചത്തത്. ഇതിൽ ഗർഭിണികളായ നിരവധി പന്നികളും ഉൾപെടും. പന്നിപ്പനി നെഗറ്റീവ് ആണെന്നാണ് ആദ്യത്തെ പരിശോധനാഫലം. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. മറ്റു സ്വകാര്യ ഫാമുകളിലും പന്നികൾ ചാകുന്നുണ്ട്. എന്നാൽ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതിനാൽ ഇക്കാര്യം പുറത്തു പറയുന്നില്ല. പന്നികൾ ചാകുന്ന വിവരം പുറത്തായതോടെ സമീപപ്രദേശങ്ങളിലെ ഫാം ഉടമകളും ആശങ്കയിലാണ്.