അരങ്ങുണർത്തി കഥകളി
1244873
Thursday, December 1, 2022 10:56 PM IST
മുതലക്കോടം: ജില്ലയിലെ കലോത്സവചരിത്രത്തിൽ ആദ്യമായി കഥകളിയിൽ ഗ്രൂപ്പ് മത്സരം അരങ്ങേറി. കല്ലാർ ജിഎച്ച്എസിലെ വിദ്യാർഥിനികളായ അനുപ്രിയ, അലീന ബിജു, എച്ച്. ധനലക്ഷ്മി എന്നിവരാണ് ലവണാസുരവധം ആട്ടക്കഥയുടെ പദമാടി അരങ്ങുണർത്തിയത്.
ലവൻ, കുശൻ, സീത എന്നിവരുടെ രംഗമാണ് ഇവർ അവതരിപ്പിച്ചത്. ലവനും കുശനും പച്ചയും സീത മിനുക്ക് വേഷവുമാണ് അണിഞ്ഞത്. നെടുങ്കണ്ടം നാട്യാഞ്ജലിയിലെ നൃത്താധ്യാപിക സ്മിത രാജേഷും കലാമണ്ഡലം അരവിന്ദുമാണ് പരിശീലകർ.
ജില്ലയിലെ കലാചരിത്രത്തിലെ ആദ്യ ഗ്രൂപ്പ് കഥകളി മത്സരത്തിന് ഒന്നാം സ്ഥാനം വാങ്ങി സംസ്ഥാന മത്സരത്തിനു ചുട്ടികുത്താൻ ഒരുങ്ങുകയാണ് മൂവർസംഘം. കഥകളി എച്ച്എസ്എസ് വിഭാഗത്തിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സിലെ ആദിത്യ ലക്ഷ്മിയാണ് ജേതാവായത്. രാവണോത്ഭവം ആട്ടക്കഥയിലെ കത്തി വേഷമാണ് അവതരിപ്പിച്ചത്.